ചെല്ലാനത്ത് മദ്യവില്പന വ്യാപകം; കണ്ണടച്ച് പോലീസും എക്സൈസും
1460388
Friday, October 11, 2024 3:47 AM IST
കൊച്ചി: ചെല്ലാനത്തും പരിസരപ്രദേശങ്ങളിലും ഏതു പാതിരാത്രിയിലും മദ്യം സുലഭം. പകല്‍ സമയത്തു പോലും പൊതുനിരത്തുകളിലിരുന്നു മദ്യപിക്കുന്നവരുടെ ശല്യം മൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ബുദ്ധിമുട്ടുന്നതായി പരാതി.
ചെല്ലാനം മാളികപ്പറമ്പ്, സൊസൈറ്റി, കമ്പനിപ്പടി, ഗൊണ്ടുപറമ്പ് പ്രദേശങ്ങളിലാണ് ആവശ്യക്കാര്‍ക്ക് ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ യഥേഷ്ടം മദ്യവില്പന നടക്കുന്നത്. പരസ്യ മദ്യവില്പന കണ്ടിട്ടും കണ്ണമാലി പോലീസും മട്ടാഞ്ചേരി എക്സൈസ് സംഘവും കണ്ണടയ്ക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അന്ധകാരനഴി, തോപ്പുംപടി, പള്ളുരുത്തി, കുണ്ടന്നൂര്‍, വൈറ്റില എന്നിവിടങ്ങളിലെ ബിവറേജസ് ഔട്ട്ലെറ്റുകളില് നിന്നാണ് കണക്കില്‍ കൂടുതല്‍ മദ്യം ഓട്ടോ ഡ്രൈവര്‍മാര്‍ ബൈക്കില്‍ വാങ്ങി പ്രദേശത്ത് വില്പന നടത്തുന്നത്.
അര ലിറ്റര്‍ കുപ്പിക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. 450 രൂപ വില വരുന്ന മദ്യം 550 രൂപയ്ക്കാണ് വില്പന. അവധി ദിവസങ്ങളില്‍ 600- മുതല്‍ 700 രൂപ വരെ വില ഉയരും. എന്നാല്‍ എത്ര വില നല്‍കിയും മദ്യം വാങ്ങാന്‍ ആളുകള്‍ തയാറാണ്.
ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ കേന്ദ്രീകരിച്ചാണ് മദ്യവില്പന കൂടുതലായും നടക്കുന്നത്. ഇവിടെ പുലര്‍ച്ചെ അഞ്ചു മുതല്‍ മദ്യവില്പന ആരംഭിക്കും. സന്ധ്യാനേരങ്ങളില്‍ കാടു പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലും ഇടറോഡുകളിലും പാലത്തിനരികിലുമൊക്കെ മദ്യപസംഘങ്ങള്‍ പരസ്യമായിട്ടാണ് മദ്യസേവ നടത്തുന്നത്.
പ്രതിദിനം 20ലധികം മദ്യക്കുപ്പികള്‍ വില്‍ക്കുന്നവരുമുണ്ട്. ബിവറേജസിലെ ചില ജീവനക്കാര്‍ക്ക് കമ്മീഷന് നല്‍കിയാണ് കുപ്പികള്‍ കൂടുതലായി വാങ്ങുന്നത്. ഇവരുടെ ലാഭം കണ്ട് പരിസരവാസികളില്‍ പലരും ഇത് തൊഴിലായി മാറ്റിയിരിക്കുകയാണെന്ന് വീട്ടമ്മമാര്‍ പറയുന്നു.
നിശ്ചിത സമയം കഴിഞ്ഞ് മദ്യം കിട്ടുന്നതിനാല്‍ അളവില്‍ കൂടുതല്‍ കഴിച്ച് മദ്യപന്മാര് തമ്മില്‍ ബഹളവും തല്ലും പതിവാണ്. മദ്യത്തിനൊപ്പം കഞ്ചാവും വില്പന നടത്തുന്ന ഓട്ടോഡ്രൈവർമാരുമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.