കേരളത്തിലെ തീറ്റ പിടിച്ചില്ല, ഒട്ടകം തളർന്നുവീണു
1459727
Tuesday, October 8, 2024 7:36 AM IST
കൊച്ചി: കേരളത്തിലെ തീറ്റ പിടിക്കാതെ തളര്‍ന്നു വീണ ഒട്ടകത്തെ മൃഗസംരക്ഷണ വകുപ്പ് ചികിത്സ നല്കി രക്ഷപ്പെടുത്തി. കുഴുപ്പിള്ളി ബീച്ചില്‍ ടൂറിസത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഒട്ടകമാണ് മൂന്നു ദിവസം മുമ്പ് തളര്‍ന്നു വീണത്.
ആലുവയ്ക്കടുത്ത് ഉളിയന്നൂരിലെ അജ്മലിന്റെ ഉടമസ്ഥതയിലുള്ള ആൺ ഒട്ടകത്തിന് അഞ്ചു വയസായിരുന്നു. ഉല്ലാസഭരിതനായിരുന്ന ഒട്ടകം വീഴാന്‍ എന്താണു കാരണമെന്ന് വൈകിയാണു മനസിലായത്. ഒട്ടകത്തിന് കേരളത്തിലെ തീറ്റ പിടിച്ചില്ല. തുടര്‍ന്ന് എടവനക്കാട് വെറ്ററിനറി ആശുപത്രിയിലെ സര്ജൻ ഡോ. അഖില്‍രാഗും സംഘവും നല്കിയ ചികിത്സയിലൂടെ ഒട്ടകം എഴുന്നേറ്റു.
ക്ഷീണം മൂലം അവശനായ ഒട്ടകത്തിന് എണീക്കാനോ നടക്കാനോ സാധിച്ചിരുന്നില്ല. തീറ്റയിലുണ്ടായ വ്യതിയാനം മൂലമുണ്ടായ അസിഡോസിസ് ആയിരുന്നു രോഗകാരണമെന്ന് ഡോ. അഖില്‍രാഗ് പറഞ്ഞു. സാധാരണയായി ഒട്ടകങ്ങളുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും പുല്ല്, ഇലകള്‍, കുറ്റിച്ചെടികള്‍, ഉണക്ക ഇലകള്‍, വൈക്കോല്‍ എന്നിവയാണ്. മേഞ്ഞു നടന്ന് ഇലകളും മറ്റും ഉയരങ്ങളില്‍ നിന്നുപോലും തെരഞ്ഞെടുത്തു കഴിക്കാനാണ് അവ ഇഷ്ടപ്പെടുന്നത്. അതോടൊപ്പം വളരെ കുറഞ്ഞ അളവില്‍ തീറ്റയും നല്‍കണം.
പെട്ടെന്ന് തീറ്റ മാറ്റിയതും കൂടുതല്‍ അളവില്‍ തീറ്റ നല്കിയതും പരിചയമില്ലാത്തതുമായ ചെടികള്‍ നല്‍കിയതുമാണ് അസുഖത്തിനു കാരണമായത്. മെഡിക്കല്‍ സംഘം രക്തത്തിലൂടെ ഇലക്ട്രോലൈറ്റുകള്‍, ആന്റിബയോട്ടിക്കുകള്‍, ബി-കോംപ്ലക്സുകള്‍ മുതലായവ തുടര്‍ച്ചയായി രണ്ടുദിവസം നല്കി. ഒട്ടകം ആരോഗ്യം വീണ്ടെടുത്തു വരുന്നു.