ലഹരിക്കേസിലെ വീഴ്ച; എസ്ഐക്കു സസ്പെൻഷൻ
1459725
Tuesday, October 8, 2024 7:36 AM IST
പള്ളുരുത്തി: കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പള്ളുരുത്തി സ്റ്റേഷൻ സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പള്ളുരുത്തി എസ്ഐ എം.മനോജിനെയാണ് കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയതിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കഴിഞ്ഞ ചൊവ്വാഴ്ച സസ്പെൻഡ് ചെയതത്. കഴിഞ്ഞ 26 ന് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക സംഘം ലഹരി മരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൃത്യനിർവഹണം നടത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നാണ് പരാതി.
ജാമ്യം ലഭിക്കാത്ത അളവിൽ എംഡിഎംഎയുമായി പിടികൂടിയ പള്ളുരുത്തി സ്വദേശിയായ യുവാവിന് ജാമ്യം ലഭിക്കത്തക്ക വിധത്തിൽ ലഹരി മരുന്നിന്റെ അളവ് കുറച്ച് രേഖപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഗസറ്റഡ് റാങ്കിലുള്ള മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വേണം മയക്കുമരുന്ന് പിടികൂടിയാൽ തുടർ നടപടികൾ സ്വീകരിക്കാൻ. ഇതിലും വീഴ്ച വരുത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു.
കമ്മീഷണറുടെ പ്രത്യേകസംഘം പിടികൂടി പള്ളുരുത്തി പോലീസിന് കൈമാറിയ യുവാവിന് അളവിൽ കൂടുതൽ മയക്കുമരുന്ന് കൈവശം വച്ചിരുന്നതിനാൽ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ സാധ്യത ഇല്ലായിരുന്നു. യുവാവിന് കോടതി ജാമ്യം ലഭിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് കമ്മീഷണർ അന്വേഷണം ആരംഭിച്ചത്.