സമൃദ്ധി നടത്തിപ്പ് : പിന്‍വാങ്ങൽ സൂചന നല്കി മേയര്‍
1459706
Tuesday, October 8, 2024 7:27 AM IST
കൊച്ചി: സമൃദ്ധിയുടെ നടത്തിപ്പില്‍ നിന്ന് കോര്പറേഷന് പിന്‍വാങ്ങുന്നതിന്റെ സൂചന നല്കി മേയര്‍ എം. അനില്‍കുമാര്‍. സമൃദ്ധി എക്കാലവും നിലനില്ക്കണമെങ്കില് നടത്തിപ്പ് ചുമതലയുടെ പൂര്‍ണ ഉത്തരവാദിത്വം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിട്ടു നല്‍കണം. അതിനുള്ള പക്വതയും കാര്യപ്രാപ്തിയും അവര്‍ കൈവരിച്ചതായും മേയര്‍ പറഞ്ഞു.
സമൃദ്ധി @ കൊച്ചിയുടെ മൂന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ആശ്രയവും ആശ്വാസവുമായ ജനകീയ ഹോട്ടല്‍ പോലുള്ള ആശയങ്ങളോട് താത്പര്യമില്ലാത്ത മേയര്‍മാര്‍ വന്നാലും സമൃദ്ധി നിലനില്‍ക്കണം. അതിന് മേയറുടെയും സ്ഥിരം സമിതികളുടെയും ഇടപെടലുകള്‍ കുറച്ചുകൊണ്ടുവരണം. പൂര്‍ണമായും കുടുംബശ്രീയുടെ നടത്തിപ്പിലേക്ക് സമൃദ്ധിയെ എത്തിക്കുക എന്നതാണ് അഗ്രഹം.
സമൃദ്ധി എന്ന ആശയം യാഥാര്‍ഥ്യമാക്കാനും വളര്‍ത്തിയെടുക്കാനും കഴിഞ്ഞതിൽ അഭിമാനമുണ്ട്. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീബാ ലാല്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകളുടെ അക്ഷീണം പ്രയത്നം ഇതിന്റെ പിന്നിലുണ്ട്. കൗണ്‍സിലിന്റെ സംഭാവനയായി സമൃദ്ധി അറിയപ്പെടാനാണ് ആഗ്രഹമെന്നും മേയര്‍ പറഞ്ഞു. ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. ശങ്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്യൂ നില്‍ക്കാതെ ബില്ലിംഗ് ചെയ്യാന്‍ സഹായിക്കുന്ന സെല്‍ഫ് ബില്ലിംഗ് കിയോസ്കിന്റെ ഉദ്ഘാടനം മേയര്‍ നിര്‍വഹിച്ചു.
സമൃദ്ധിയില്‍ ബില്ലിംഗും ഇനി സ്മാര്‍ട്ട്
കൊച്ചി: ഉപഭോക്താക്കൾക്ക് സ്വന്തം നിലയില്‍ ഭക്ഷണം തെരഞ്ഞെടുത്ത് പണം അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന സെല്‍ഫ് ബില്ലിംഗ് കിയോസ്ക് സമൃദ്ധിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചിരിക്കുന്ന കിയോസ്കിന്റെ സാങ്കല്പിക രൂപം സമൃദ്ധിയുടെ മൂന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ആന്റോ ജോര്‍ജ്, സീനിയര്‍ ജനറല്‍ മാനേജര്‍ എസ്.എസ്. ബിജി എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സീനിയ ടെക്നോളജീസ് എന്ന സ്ഥാപനമാണ് കിയോസ്കിന്റെ നിര്‍മാതാക്കള്‍. ഓര്‍ഡര്‍ എടുക്കുന്ന സമയം എന്തൊക്കെ ഭക്ഷണമാണോ ഉള്ളത് അവ മാത്രമേ സ്ക്രീനില്‍ തെളിയൂ. ഭക്ഷണം തെരഞ്ഞെടുത്ത് യുപിഐ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പണമടച്ചാല്‍ പ്രിന്റഡ് ബില്ല് മെഷീനില്‍ നിന്ന് ലഭിക്കും. ഇത് കൗണ്ടറില്‍ കാണിച്ചാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കും.