കുടിവെള്ള വിതരണം: സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം
1459457
Monday, October 7, 2024 5:08 AM IST
കൊച്ചി: ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എഡിബി) വായ്പാ കരാറിലെ ഉപാധിയുടെ പേരില്‍ കുടിവെള്ള വിതരണം കേരളാ വാട്ടര്‍ അഥോറിറ്റിയില്‍ നിന്ന് മാറ്റി സ്വകാര്യ വിദേശ സ്ഥാപനത്തെ ഏല്‍പ്പിക്കാനുള്ള ഉദ്യോഗസ്ഥ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തുടക്കത്തില്‍ കൊച്ചി കോർപറേഷനിലെ കുടിവെള്ള വിതരണമാണ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ പദ്ധതി തയാറാക്കുന്നത്.
തുടര്‍ന്ന് ഘട്ടംഘട്ടമായി മറ്റു കോര്‍പറേഷനുകള്‍, മുനിസിപ്പലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിങ്ങനെ സംസ്ഥാനത്തൊട്ടാകെ പദ്ധതി വ്യാപിപ്പിക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനമോ, മന്ത്രിസഭാ തീരുമാനമോ ഉണ്ടായിട്ടില്ലെങ്കില്‍ പോലും ഉദ്യോഗസ്ഥ നേതൃത്വം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തിരക്കിട്ട നടപടികള്‍ സ്വീകരിച്ചു വരുന്നതായി വിവിധ ട്രേഡ് യൂണിയനുകള്‍ ആരോപിച്ചു.
കൺവന്ഷന് ഇന്ന്
വിഷയത്തില്‍ സംയുക്ത ട്രേഡ് യൂണിയന് സമിതിയും ജനകീയ കുടിവെള്ള സമിതിയും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുജന പിന്തുണ പ്രഖ്യാപിക്കുന്നതിന് ഗ്രീന്‍ കേരളാ മൂവ്മെന്റ് മുന്‍കൈയെടുത്ത് സന്നദ്ധ സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സംയുക്ത കണ്വന്ഷന് ഇന്ന് നടത്തും.
രാവിലെ 11ന് എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ഇന്ത്യയിലെ വാട്ടര്‍മാന്‍ എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗ് മുഖ്യാഥിതിയായി പങ്കെടുക്കും. രാഷ്ട്രീയപാര്‍ട്ടികള്‍, ട്രേഡ് യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംയുക്ത കൺവന്ഷന് സംഘാടകസമിതി ചെയര്മാന് അഡ്വ. ജോണ്‍ ജോസഫ്, കണ്‍വീനര്‍ ടി.വി. രാജന് എന്നിവര്‍ പറഞ്ഞു.