നിർമാണത്തിലിരുന്ന നക്ഷത്ര ഹോട്ടലിൽ വൻ മോഷണം
1459237
Sunday, October 6, 2024 4:16 AM IST
മരട്: പൂണിത്തുറ മിനി ബൈപ്പാസ് ജംഗ്ഷനിൽ നിർമാണം നടക്കുന്ന ഫോർ സ്റ്റാർ ഹോട്ടലിൽ മോഷണം. എട്ടു സീലിംഗ് എസി ഉൾപ്പെടെ ഏകദേശം 25 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി മരട് പോലീസിൽ പരാതി. സാമ്പത്തിക പ്രതിസന്ധി കാരണം നിർമാണം തത്കാലം നിർത്തി വച്ച നിലയിലായിരുന്നതു മുതലെടുത്താണ് മോഷണം നടന്നിട്ടുള്ളത്.
കഴിഞ്ഞ 28ന് സ്ഥലത്ത് എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽ പെട്ടതെന്ന് ഉടമ തൊടുപുഴ സ്വദേശി പോൾസൺ ജോസഫ് പറഞ്ഞു. അന്നുതന്നെ മരട് പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് ഉടമ പറഞ്ഞു.ശരിയായ ദിശയിൽ അന്വേഷണം നടക്കുന്നില്ലെന്ന് പോൾസൺ ചൂണ്ടിക്കാട്ടി. 20,000 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ചുനില കെട്ടിടമാണ്. സ്റ്റാർ ഹോട്ടൽ ആയതിനാൽ അതിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചായിരുന്നു നിർമാണം.
മുൻ വശത്ത് ജംഗ്ഷനിൽ പകൽ എല്ലാ സമയവും പോലീസ് ഉള്ളതിനാൽ രാത്രിയായിരിക്കും മോഷണം നടന്നിട്ടുണ്ടാകുക. പിൻവശത്തെ എമർജൻസി വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയിട്ടുള്ളത്.
എസി എടുക്കാനായി സീലിംഗ് എല്ലാം കുത്തി നശിപ്പിച്ചു. കംപ്യൂട്ടർ നിയന്ത്രിത താഴുകൾ, 15,000 രൂപ വില വരുന്ന രണ്ടുവാതിലുകൾ, സിസി ടിവി കേബിൾ, അനുബന്ധ ഉപകരണങ്ങൾ മുതലായവയാണ് നഷ്ടപ്പെട്ടത്. ഫർണിച്ചർ മറ്റൊരു മുറിയിൽ പൂട്ടിയിട്ടിരുന്നതിനാൽ കൊണ്ടുപോകാനായില്ലെന്ന് കരുതുന്നു.