ബുധ-ശുക്രന്മാരുടെ കാവലാൾ പാഴൂർ ജോത്സ്യർ യാത്രയായി
1459021
Saturday, October 5, 2024 5:00 AM IST
പിറവം: അഞ്ചര പതിറ്റാണ്ടിലധികം കവടി നിരത്തി ജോത്സ്യത്തിലൂടെ പ്രശ്ന പരിഹാരത്തിനായി പൂർണമായിത്തന്നെ ജീവിതം സമർപ്പിച്ച പാഴൂർ പടിപ്പുരയിലെ സുരേന്ദ്രൻ ജോത്സ്യർ യാത്രയായി. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിലേറെയായി വിശ്രമത്തിലായിരുന്നു അദ്ദേഹം. വൃക്ക സംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പനി ബാധിച്ചതോടെ അസുഖം വഷളാകുകയായിരുന്നു.
1949 സെപ്റ്റംബർ നാലിന് ജനിച്ച ജോത്സ്യർ 75-ാം ജന്മദിനവും കഴിഞ്ഞ് ഒരു മാസവും പിന്നിട്ടശേഷമാണ് വിടവാങ്ങിയത്. ഐതിഹ്യങ്ങൾ ഏറെയുള്ള തറവാടാണ് പാഴൂർ പടിപ്പുര. 1800 വർഷത്തിലേറെ ചരിത്ര സൂക്ഷിപ്പുകളും ഐതിഹ്യവും ഇഴ പിരിഞ്ഞ പടിപ്പുര തറവാട്ടിൽ കഴിഞ്ഞ 57 വർഷമായി കവടി നിരത്തി ജോത്സ്യത്തിലൂടെ പ്രശ്നപരിഹാരങ്ങൾ സൗമ്യമായി അവതരിപ്പിച്ചിരുന്നു.
ബുധ - ശുക്രന്മാർ കാവലിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന പടിപ്പുരയുടെ പവിത്രതയും പാരമ്പര്യവും പൂർണമായി പിന്തുടരുന്നിരുന്ന സുരേന്ദ്രൻ ജോത്സ്യരുടെ വേർപാടോടെ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് മായുന്നത്.