ഇഷാനി ഐസിയുവിൽതന്നെ : അമ്മയുടെ മൃതദേഹം സംസ്കരിച്ചു
1458998
Saturday, October 5, 2024 4:39 AM IST
കൊച്ചി: കഴുത്തിന് മുറിവേറ്റ നിലയിൽ കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്പരിശോധനകളടക്കം നടന്നുവരികയാണ്.
മുളവുകാട് ധരണിയില്‍ രാമകൃഷ്ണന്റെ മകള്‍ ഇഷാനിയാണ് ചികിത്സയില്‍ തുടരുന്നത്. ഇഷാനിയുടെ കഴുത്തറുത്തശേഷം അമ്മ ധനിക സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയതായാണ് പോലീസിന്റെ പ്രാഥമികനിഗമനം.
അതിനിടെ കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചകഴിഞ്ഞ് മുളവുകാട്ടെ വീട്ടിലെത്തിച്ച ധനികയുടെ മൃതദേഹം വൈകിട്ട് പച്ചാളം പൊതുശ്മശനാത്തില്‍ സംസ്കരിച്ചു. സംഭവത്തില്‍ മുളവുകാട് പോലീസ് അന്വേഷണം നടത്തിവരികയാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. കൃത്യത്തിനുപയോഗിച്ച രക്തം പുരണ്ട കത്തി മുറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. കുഞ്ഞിന് എസി പ്രശ്നമായതിനാല്‍ ധനികയും കുഞ്ഞും എസി ഇല്ലാത്ത മുറിയിലും രാമകൃഷ്ണന് എസിയുളള മുറിയിലുമാണ് ഉറങ്ങാന്‍ കിടന്നത്. രാവിലെ ഉറക്കമുണര്‍ന്ന രാമകൃഷ്ണന് ഭാര്യയെ വിളിക്കാനെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്.
ഉടന്‍ സുഹൃത്തിനെ വിളിച്ചുവരുത്തി കുഞ്ഞിനെ ആശുപത്രിയിലാക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് മുളവുകാട് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ധനികയുടെ മരണം സ്ഥിരീകരിച്ചിരുന്നു.