വ്യാജ ഡോക്ടറുടെ അറസ്റ്റ്: പ്രതി പഠിച്ച സ്ഥാപനത്തെക്കുറിച്ച് അന്വേഷണം
1458788
Friday, October 4, 2024 4:13 AM IST
കൊച്ചി: അമിത വണ്ണം കുറയ്ക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ വ്യാജ ഡോക്ടര്‍ കോസ്മറ്റോളജി പഠിച്ച സ്ഥാപനത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം പൊന്നുരുന്നിയിലുള്ള ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള പേപ്പറുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് ആധികാരികതയുളള സ്ഥാപനമാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് കടവന്ത്ര പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പി.എം. രതീഷ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പാരിപ്പിള്ളി ചാവര്‍ക്കോട് സജു ഭവനില്‍ സജു സഞ്ജീവിനെ (27) യാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടറാണെന്നും കോസ്മറ്റോളജി ചികിത്സയിലും സര്‍ജറിയിലും പ്രാഗത്ഭ്യമുണ്ടെന്നും വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയായ യുവതിയെ കഴിഞ്ഞ മേയില്‍ അമിത വണ്ണം കുറക്കുന്നതിനായി പ്രതി കീ ഹോള്‍ ശസ്ത്രക്രിയ നടത്തി.
കടവന്ത്രയില്‍ പ്രതിയുടെ മെഡി ഗ്ലോ എന്ന സ്ഥാപനത്തില്‍ നടത്തിയ സര്‍ജറിക്ക് ശേഷവും വണ്ണം കുറഞ്ഞില്ല. തുടര്‍ന്ന് ജൂണില്‍ ഇതേ സ്ഥാപനത്തില്‍ വച്ച് യുവതിക്ക് ഓപ്പണ്‍ സര്‍ജറി നടത്തിയെങ്കിലും മുറിവില്‍ ഗുരുതരമായി അണുബാധയുണ്ടായി. ജീവന് അപകടത്തിലായപ്പോഴാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.