ആലുവ സീനത്ത് ജംഗ്ഷനിൽ കാന നിർമാണം ആരംഭിച്ചു
1458787
Friday, October 4, 2024 4:13 AM IST
ആലുവ: സബ് ജയിൽ റോഡിൽ സീനത്ത് ജംഗ്ഷന്റെ കിഴക്ക് ഭാഗത്തായി പൊതു കാനയുടെ നിർമാണം ആരംഭിച്ചു. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഇവിടെ കാന നിർമിക്കുന്നത്. ഇതോടൊപ്പം റോഡ് വികസനവും നടക്കും.
ആലുവ - മൂന്നാർ റോഡ് ആരംഭിക്കുന്ന ഇവിടെ വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. സിനിമ തിയറ്ററിനോട് ചേർന്നുള്ള കെഎസ്ഇബി ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്നില്ല.
ഇവിടെ നിന്ന് പൊതു കാനയിലേക്ക് വടക്കോട്ടും തെക്കോട്ടും മഴവെള്ളം ഒഴുകുന്ന രീതിയിലാണ് ചരിവ് ഉണ്ടാകുകയെന്ന് കരാറുകാരൻ പറഞ്ഞു.
ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ചുമട്ടുതൊഴിലാളികളുടെ താത്കാലിക ഷെഡ് എടുത്തു മാറ്റി. തിയറ്ററിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഓട്ടോ ഡ്രൈവർമാരുടെ മൂന്ന് കൊടിമരവും നീക്കം ചെയ്തിട്ടുണ്ട്.
റോഡിന് വീതി കൂടുകയാണെങ്കിൽ ഇവയ്ക്ക് സ്ഥലം ലഭിക്കുകയില്ല. തിയറ്ററിലേക്ക് വാഹനങ്ങൾ കയറുന്നതിന് തടസം ഇല്ലാത്ത രീതിയിലാണ് കാന നിർമാണം പുരോഗമിക്കുന്നത്. ഒരു ഗേറ്റ് മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. നിലവിൽ തിയറ്ററിന് എതിരെയുള്ള ആശുപത്രിയുടെ മുന്നിൽ മാത്രമാണ് പൊതു കാനയുള്ളത്.