സ്വകാര്യ ബസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘത്തിലെ രണ്ട് പേര് പിടിയില്‍
1458784
Friday, October 4, 2024 3:59 AM IST
കൊച്ചി: സ്വകാര്യ ബസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ചംഗ ഗുണ്ടാ സംഘത്തില്‍ രണ്ട്പേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. പുതുവൈപ്പ് പെഞ്ചയിൽ ജോബി(30), കാക്കനാട് ചാത്തൻവെളിമുക്കിൽ ഷാജി(27) എന്നിവരാണ് അറസ്റ്റിലായത്.
ഒമ്പതോളം മോഷണക്കേസുകളിലെ പ്രതിയാണ് ജോബി. തൃക്കാക്കര പോലീസ് സ്റ്റേഷന് പരിധിയില്‍ ഷാജിക്കെതിരെയും വിവിധ കേസുകളുണ്ട്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട മറ്റു മൂന്നു പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനായി ഊര്‍ജിത അന്വേഷണം നടക്കുകയാണ്.
ഇന്നലെ രാവിലെ കാക്കനാട്- പെരുമ്പടപ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷാന എന്ന ബസിലായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന അഞ്ചംഗ ഗുണ്ടാ സംഘം കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍നിന്നാണ് ബസില്‍ കയറിയത്. യാത്ര തുടങ്ങി ഏറെ വൈകാതെ ഇവര്‍ കഞ്ചാവ് ബീഡി വലിക്കുകയും സ്കൂള്‍ വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തു.
സ്ത്രീ യാത്രികരുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചതോടെ ബഹളമായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് കണ്ടക്ടര്‍ ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം കണ്ടക്ടറെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഈ സമയം ബസില്‍ നിറയെ യാത്രക്കാരും ഉണ്ടായിരുന്നു.
ബസില്‍ സംഘര്‍ഷാവസ്ഥ കനത്തതോടെ ഭയചകിതരായ യാത്രക്കാരുമായി രാവിലെ 7.30 ഓടെ ഡ്രൈവര്‍ ബസ് ഓടിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനു മുന്നിലേക്ക് എത്തുകയായിരുന്നു. പോലീസിനെ കണ്ട് അഞ്ചംഗ സംഘം ബസിനുള്ളില്‍ നിന്ന് വശത്തുകൂടി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് സംഘം പിന്നാലെ ഓടിയാണ് രണ്ടു പേരെ പിടികൂടിയത്.