മോഷ്ടിച്ച ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ അറസ്റ്റിൽ
1458558
Thursday, October 3, 2024 3:01 AM IST
ചോറ്റാനിക്കര: ജോലിക്കെത്തിയ വീട്ടിൽ നിന്നും കവർന്ന മൊബൈൽ ഫോൺ വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് പുതുക്കോട്ട ചിന്നമ്മാൾ വീട് ഗോപാല കൃഷ്ണൻ(37), മുഹമ്മ പുളിമൂട്ടിൽ മഹേഷ് (39) എന്നിവരെയാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഈ വീട്ടിൽനിന്ന് പണവും മോഷ്ടിച്ചിരുന്നു.
നവരാത്രിയോടനുബന്ധിച്ച് ചോറ്റാനിക്കരയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തമിഴ് തൊഴിലാളികൾക്കിടയിൽ സ്മാർട്ട് ഫോൺ വില്പനക്കാനെത്തിയ മഹേ ഷിനെ ചോദ്യം ചെയ്തതോടെയാണ് ചോറ്റാനിക്കര എംഎൽഎ റോഡിലെ മേലേടത്ത് വീട്ടിൽ നിന്നും ഫോണും 8,650 രൂപയും മോഷ്ടിച്ച ഗോപാലകൃഷ്ണൻ പിടിയിലായത്.
മോഷണം നടത്തിയ ഫോൺ വില്പനയ്ക്ക് കൊണ്ടുവന്നതിനാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.