കുടിവെള്ളക്ഷാമം: ഞാറയ്ക്കലിൽ പഞ്ചായത്തംഗത്തിന്റെ സമരം
1454589
Friday, September 20, 2024 3:35 AM IST
വൈപ്പിൻ: ഞാറക്കൽ പഞ്ചായത്തിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്നാരോപിച്ച് പഞ്ചായത്തംഗം മാലിപ്പുറത്തെ വാട്ടർ അഥോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് മുറിക്കു മുന്നിൽ കുത്തിയിരിപ്പു തുടങ്ങി.
ഭരണപക്ഷമായ എൽഡിഎഫിനെ പിന്തുണയ്ക്കുന്ന എട്ടാം വാർഡംഗം എൻ.എ. ജോർജാണ് കുത്തിയിരുന്നത്. വ്യാഴാഴ്ച രാവിലെ ഒന്പതിന് ആരംഭിച്ച കുത്തിരിപ്പ് രാത്രിയും തുടർന്നു. എട്ടാം വാർഡ് മേഖലയിൽ പെട്ട മഞ്ഞനക്കാട് നിവാസികൾക്ക് കുടിവെള്ളം അന്യമായിട്ട് കുറെ ഏറെ മാസങ്ങങ്ങളായി. വല്ലപ്പോഴും ഒരു തുള്ളി വെള്ളം വന്നാലായി. കഴിഞ്ഞ ഓണനാളുകളിൽ പോലും ടാപ്പുകൾ വറ്റിവരണ്ട അവസ്ഥയിലായിരുന്നുവത്രേ.
ഞാറക്കൽ പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും സ്ഥിതി ഇതുതന്നെയാണ്. സ്ഥലം എംഎൽഎ പോലും കുടിവെള്ള പ്രശ്നത്തിൽ ഞാറക്കൽ പഞ്ചായത്തിനോട് അവഗണന കാണിക്കുന്നുവെന്നാണ് പഞ്ചായത്തംഗത്തിന്റെ ആരോപണം. ഹഡ്കോ പദ്ധതിയിൽ നിന്നും വൈപ്പിൻ മേഖലക്ക് അർഹമായ അളവിൽ വെള്ളമെത്താത്തതാണ് ക്ഷാമം രൂക്ഷമാകാൻ കാരണമായി പറയുന്നത്.
അതേസമയം കുടിവെള്ള ക്ഷാമത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ പഞ്ചായത്തും അംഗങ്ങളും പരാതിപ്പെടുമ്പോഴെല്ലാം താത്കാലിക പരിഹാരം കണ്ടെത്തി ജനത്തെ കബളിപ്പിക്കുകയാണ് വാട്ടർ അഥോറിട്ടി ഉദ്യോഗസ്ഥർ പതിവായി ചെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് പഞ്ചായത്തംഗം രാവിലെ വാട്ടർ അഥോറിറ്റി ഓഫീസിനു മുന്നിൽകുത്തിയിരിപ്പ് ആരംഭിച്ചത്. തുടർന്ന് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർ ഞാറക്കൽ മഞ്ഞനക്കാടെത്തി സ്ഥല പരിശോധന നടത്തിയെങ്കിലും വെള്ളമെത്തിക്കാൻ നടപടികൾ ആയില്ല. വെള്ളം എത്തുന്നത് വരെ പിൻമാറില്ലെന്ന് പ്രഖ്യാപിച്ച് പഞ്ചായത്തംഗം സമരം തുടരുകയാണ്.