എടത്തല എന്‍എഡി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം വേഗത്തിൽ പൂർത്തിയാക്കാൻ കമ്മീഷന് നിർദേശം
1454586
Friday, September 20, 2024 3:35 AM IST
കൊച്ചി: എടത്തല എന്‍എഡി കവല ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണം ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
എന്‍എഡിയുടെ അനുമതി ലഭിക്കാത്തതിനാല്‍ നിര്‍മാണം വൈകുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ചെയര്മാൻ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് എടത്തല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.
26 വര്‍ഷം പഴക്കമുള്ള ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് ഭരണസമിതി 2023 ഫെബ്രുവരി പത്തിന് തീരുമാനമെടുത്തെങ്കിലും എന്‍എഡിയുടെ സുരക്ഷാ മേഖലയായതിനാല്‍ അവരുടെ അനുമതി ആവശ്യമാണെന്ന് എടത്തല പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇതു സംബന്ധിച്ച് എന്‍എഡിക്ക് നിരവധി കത്തുകള്‍ നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ എന്‍എഡി അധികൃതര്‍ ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് 2023 നവംബര്‍ 23 ന് കത്തയച്ചെങ്കിലും പഞ്ചായത്ത് സെക്രട്ടറി ഇതുവരെയും മറുപടി നല്‍കിയിട്ടില്ലെന്ന് പരാതിക്കാരനായ സി.ജി. പ്രസന്നകുമാര്‍ കമ്മീഷനെ അറിയിച്ചു. ഇതിനാലാണ് എന്‍ഒസി (നോണ്‍ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്) നല്കാന് വൈകുന്നതെന്നും പരാതിക്കാരന് അറിയിച്ചു. കത്തിന്റെ പകര്‍പ്പും പരാതിക്കാരന് ഹാജരാക്കി.
ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ക്ക് കമ്മീഷന് നിര്‍ദേശം നല്‍കിയത്.