ചക്കാലക്കുടി ചാപ്പലിൽ ഓർമപ്പെരുന്നാൾ കൊടിയേറ്റ് ഇന്ന്
1454321
Thursday, September 19, 2024 3:52 AM IST
കോതമംഗലം: കോതമംഗലം മാർത്തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിൽ കോഴിപ്പിള്ളി ചക്കാലക്കുടിയിലുള്ള യൽദോ മോർ ബസേലിയോസ് ചാപ്പലിൽ വാർഷിക പെരുന്നാളിനും തിരുശേഷിപ്പ് സ്ഥാപനത്തിന്റെ ഓർമപ്പെരുന്നാളിനും ഇന്ന് കൊടിയേറും.
339 വർഷങ്ങൾക്ക് മുന്പ് എഡി 1685ൽ മലങ്കരയിൽ വന്ന തൊണ്ണൂറ്റിരണ്ടുകാരനായിരുന്ന യൽദോ മാർ ബസേലിയോസ് ബാവ പള്ളിവാസലിൽ നിന്നു കാൽനടയായി ചക്കാലക്കുടിയിൽ എത്തിച്ചേരുകയും അവിടെവച്ച് ചക്കാല നായരെ കാണുകയും ബാവ അത്ഭുതം പ്രവർത്തിക്കുകയും ചെയ്തതായാണ് ചരിത്രം. ചക്കാല നായരാണ് ബാവയെ ചെറിയ പള്ളിയിലേക്ക് ആനയിച്ചത്.
പരിശുദ്ധ ബാവായുടെ സഹയാത്രികനായ മാർ ഈവാനിയോസ് ഹിദായത്തുള്ള ബാവായുടെ 330-ാം ഓർമയോടനുബന്ധിച്ച് സ്ഥാപിക്കുന്ന കൽക്കുരിശിന്റെ കൂദാശയും ഇന്ന് നടത്തും. വൈകുന്നേരം അഞ്ചിന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടിയേറ്റും.
തുടർന്ന് ഏഴിന് കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസിന്റെ മുഖ്യകാർമികത്വത്തിൽ സന്ധ്യാ നമസ്കാരം, കൽക്കുരിശ് കൂദാശ പെരുന്നാൾ സന്ദേശം, ആശീർവാദം, നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കും.
നാളെ രാവിലെ 6.45ന് നമസ്കാരം, 7.30 ന് മൂന്നിന്മേൽ കുർബാന- ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം കോഴിപ്പിള്ളിയിലുള്ള മാർ ഗീവർഗീസ് സഹദായുടെ കുരിശിങ്കലേക്ക്, ആശീർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കും. കൊടിയിറക്കുന്നതോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.