ഡെങ്കിപ്പനിയില്‍ വിറച്ച് ജില്ല
1453429
Sunday, September 15, 2024 3:42 AM IST
കൊച്ചി: ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയിട്ടും ജില്ലയില്‍ ഡെങ്കിപ്പനി വ്യാപനം തുടരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ 115 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. നഗരത്തിന് പുറമേ ഗ്രാമ പ്രദേശങ്ങളിലേക്കും പനി വ്യാപിക്കുകയാണ്.
സംസ്ഥാനത്ത് പ്രതിദിന കണക്കുകള്‍ പ്രകാരം ഏറ്റവുമധികം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിലൊന്നായി എറണാകുളം. ഡെങ്കിപ്പനിക്കൊപ്പം വൈറന്‍ പനിയു വ്യാപകമാണ്. 4494 പേരാണ് ആറുദിവസത്തിനിടെ ജില്ലയുടെ വിവിധയിടങ്ങളിലായി പനിക്ക് ചികിത്സ തേടിയത്. എട്ടുപേര്‍ക്ക് മഞ്ഞപ്പിത്തവും, രണ്ടു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ആലുവ, ആരക്കുന്നം, അയ്യമ്പിള്ളി, ചോറ്റാനിക്കര, ഏരൂര്‍, കാക്കനാട്, കലൂര്‍, കോതമംഗലം, മുളന്തുരുത്തി, പിറവം, തമ്മനം, തേവര, വെണ്ണല, വടക്കന്‍ പറവൂര്‍, ഇടപ്പള്ളി, ചമ്പക്കര, പാമ്പാക്കുട, ചോറ്റാനിക്കര, കൂനമ്മാവ്, പുതുവൈപ്പ്, മട്ടാഞ്ചേരി, ചമ്പക്കര, ബിനാനിപുരം, മൂത്തകുന്നം, എടത്തല, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, നെടുമ്പാശേരി, എടവനക്കാട്, പൊന്നുരുന്നി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഡെങ്കി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡെങ്കി പരത്തുന്ന കൊതുകുകള്‍ വേനല്‍ക്കാലത്ത് മുട്ടയിടുകയും മഴക്കാലമെത്തിയതോടെ ഇവ വിരിഞ്ഞ് ഡെങ്കി പരത്തുന്ന കൊതുകുകളായി തന്നെ ജനിക്കുന്നതാണ് ഡെങ്കിപ്പനി വര്‍ധനയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നത്.
അതുകൊണ്ട് തന്നെ മുമ്പ് ഡെങ്കിപ്പനി ബാധയുണ്ടായ സ്ഥലങ്ങളില്‍ വീണ്ടും ഇതുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ജൂണില്‍ മാത്രം ജില്ലയില്‍ 11 ദിവസത്തിനിടെ ആറു പേര് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഓഗസ്റ്റ് 31നു 19 വയസുകാരി ഡെങ്കി ബാധിച്ച് മരിച്ചിരുന്നു.