മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : വർഷങ്ങളുടെ പോരാട്ടത്തിനൊടുവിൽ സന്തോഷിനും ഗീതയ്ക്കും വീടൊരുങ്ങും
1453217
Saturday, September 14, 2024 3:51 AM IST
വൈപ്പിൻ: ലൈഫ് പദ്ധതിയിൽ അർഹമായ വീട് നിഷേധിച്ചതിനെതിരെ എട്ടു വർഷമായി പോരാടിയ സന്തോഷിന് ഒടുവിൽ വീട് അനുവദിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടതോടെയാണ് സന്തോഷിന്റെയും ഭാര്യ ഗീതയുടെയും സ്വപ്നം സാക്ഷാത്കരിക്കുന്നത്. അവസാന കടമ്പയെന്നോണം ഇരുവരും വ്യാഴാഴ്ച എളങ്കുന്നപ്പുഴ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മുമ്പാകെ എത്തി രേഖകൾ ഹാജരാക്കി കരാർ ഒപ്പുവച്ചു.
മാലിപ്പുറം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ തേറോത്ത് സന്തോഷും ഭാര്യ ഗീതയും ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാൻ 2016 മുതലാണ് ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയത്. വാസയോഗ്യമായ വീടില്ലാത്തതും കിടപ്പുരോഗിയായ അമ്മയുള്ളതും പരിഗണിച്ച് പഞ്ചായത്തിലെ ഗുണഭോക്തൃ ലിസ്റ്റിൽ 10-ാം നമ്പർ ആയി കയറിപ്പറ്റിയിരുന്നു.
എന്നാൽ പിന്നീട് ഈ ലിസ്റ്റ് അട്ടിമറിക്കപ്പെട്ടെന്നാണ് സന്തോഷ് ആരോപിക്കുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി. പഞ്ചായത്തിനോട് റിപ്പോർട്ട് ആരാഞ്ഞപ്പോൾ ലിസ്റ്റിൽ 445-ാമത് ആണെന്നായിരുന്നു മറുപടി. എങ്കിലും കമ്മീഷൻ പരാതിക്കാരന്റെ സാഹചര്യങ്ങൾ പരിഗണിച്ച് സഹായം ഉടൻ അനുവദിക്കാൻ ഉത്തരവിട്ടു.
എന്നാൽ മുൻഗണന മറികടക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു പഞ്ചായത്ത്. ഒടുവിൽ കമ്മീഷന്റെ നിർദേശപ്രകാരം പഞ്ചായത്ത് റസലൂഷൻ പാസാക്കി ലൈഫ് മിഷൻ ഡയറക്ടർക്ക് നൽകി. ഇതിനിടെ പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനു അപ്പീൽ നൽകി. തുടർന്ന് കമ്മീഷൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് ഉത്തരവ് നൽകിയതോടെയാണ് വീടിനായി എഗ്രിമെന്റ് വയ്ക്കാൻ വിളിവന്നത്.