‘വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനങ്ങളിലെ അഭ്യാസം വേണ്ട’
1453190
Saturday, September 14, 2024 3:12 AM IST
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിലുള്ള അഭ്യാസം അനുവദിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ഇതുസംബന്ധിച്ച് പോലിസ് മേധാവിയും ഗതാഗത കമ്മീഷണറും നടപടി ഉറപ്പ് വരുത്തണമെന്നും നിര്‍ദേശം. കോഴിക്കോട് ഫാറുഖ് കോളജിലേയും കണ്ണൂര്‍ കോളജിലെയും അതിരുവിട്ട ഓണാഘോഷത്തിനെതിരെ പ്രോസിക്യൂഷന് നടപടികള്‍ വേണമെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന് ഉള്‍പ്പെട്ട ഡിവിഷന് ബബ് ഉത്തരവിട്ടു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോളജുകളിലെ ഓണാഘോഷത്തിനിടെയുള്ള വാഹന അഭ്യാസത്തില്‍ ഹൈക്കോടതി ഇടപെട്ടത്.
കോഴിക്കോട്, കണ്ണൂര്‍ കോളജുകളില്‍ ഉപയോഗിച്ച മുഴുവന്‍ വാഹനങ്ങളും കസ്റ്റഡിലെടുത്ത് പരിശോധന നടത്താന്‍ കോടതി നിര്‍ദേശം നല്കി. വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. വാഹനത്തില്‍ അഭ്യാസം നടത്തിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കോടതിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.
സംഭവത്തില്‍ നടപടി സ്വീകരിച്ചതായും വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുന്നത് പരിശോധിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് കോടതിയെ അറിയിച്ചു. എട്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങളുടെ ഫോട്ടോയും കോടതിക്ക് കൈമാറി.
വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കണമെന്നുമാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഗതാഗത കമ്മിഷണര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ച കോടതി ഹര്‍ജി 27ന് പരിഗണിക്കാന്‍ മാറ്റി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം അഭ്യാസം അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. കറുത്ത വസ്ത്രങ്ങളണിഞ്ഞ് ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു ഫാറുഖ് കോളജ് വിദ്യാര്‍ഥികള്‍ റോഡ്ഷോ നടത്തിയത്.