ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു
1453068
Friday, September 13, 2024 10:42 PM IST
തൃപ്പൂണിത്തുറ: പഞ്ചറായ ലോറിയുടെ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ച് ലോറി ഉടമയുടെ അനുജൻ മരിച്ചു. വൈക്കം തലയാഴം കുമ്മംകോട്ട് ലതീഷ് ബാബു (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 ഓടെ തൃപ്പൂണിത്തുറ വൈക്കം റോഡിൽ ഹിൽപാലസ് പോലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം.
തൃപ്പൂണിത്തുറ ഭാഗത്തുനിന്നും വൈക്കം ഭാഗത്തേയ്ക്ക് പോയ ടോറസ് ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാൻ ലിവറുമായി എത്തിയതായിരുന്നു ലതീഷ്. ടയർ മാറ്റാനുള്ള ശ്രമത്തിനിടെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ലതീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കാർ ഓടിച്ച ഉദയംപേരൂർ നടക്കാവ് അരയശേരി അന്പലത്തിന് സമീപം കണ്ണഞ്ചേരി കെ.ജി. വിനോദി(52)നെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മരിച്ച ലതീഷിന്റെ ഭാര്യ: ജിഷ. മക്കൾ: പ്രണവ്, ഭവ്യലക്ഷ്മി.