ഉപ്പേരിക്കും ശര്‍ക്കര വരട്ടിക്കും ആവശ്യക്കാരേറുന്നു
1452955
Friday, September 13, 2024 3:49 AM IST
മൂവാറ്റുപുഴ: പൊന്നോണനാളിന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഓണസദ്യയിലെ പ്രധാന താരമായ ഉപ്പേരിക്കും ശര്‍ക്കര വരട്ടിക്കും ആവശ്യക്കാരേറുന്നു. ഓണനാളിന് മൂന്നുനാള്‍ ശേഷിക്കെ തിളച്ചു മറിയുന്ന എണ്ണയില്‍ കായ് വറക്കുന്നതിന്റെയും, ശര്‍ക്കര ലായനിയില്‍ മുങ്ങി മധുരമൂറുന്ന ശര്‍ക്കരവരട്ടി ഉണ്ടാക്കുന്നതിന്റെയും കാഴ്ച നഗരത്തില്‍ സുലഭമായിരിക്കുകയാണ്. കൊതിയൂറുന്ന മണവും മഞ്ഞനിറവുമായി നഗരത്തിലെത്തുന്നവരെ ആകര്‍ഷിക്കാന്‍ കായ വറുത്തതും ശര്‍ക്കര വരട്ടിയും ഒരുങ്ങിക്കഴിഞ്ഞു.
മൂവാറ്റുപുഴയിലെ ബേക്കറികളിലും മറ്റും ഓണം സ്പെഷല്‍ വിഭവങ്ങളായ ഉപ്പേരിയും ശര്‍ക്കര വരട്ടിയും സ്ഥാനം കൈയടക്കിയിരിക്കുകയാണ്. കിലോയ്ക്ക് 400 മുതല്‍ 440 രൂപ വരെയാണ് ഇരുതാരങ്ങള്‍ക്കും മൂവാറ്റുപുഴയിലെ വിപണിയിലെ വില. നേന്ത്രക്കായക്ക് വില കുറവാണെങ്കിലും വെളിച്ചെണ്ണയുടെ വില ഉയര്‍ന്നു നില്‍ക്കുന്നതാണ് കായ വറുത്തതും ശര്‍ക്കര വരട്ടിയും 400 കടക്കാന്‍ കാരണമെന്ന് വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന കേരള ചിപ്സ് ഉടമ ബിജോ പറഞ്ഞു.
വാഴയിലയുടെ ഇടതുഭാഗത്തായി വിളമ്പാന്‍ കായ വറുത്തതും ശര്‍ക്കര വരട്ടിയും ഇല്ലാതെ മലയാളിക്ക് ഓണമില്ല. താരതമ്യേന കച്ചവടം ഉണ്ടെങ്കിലും ഓണനാളുകളില്‍ ലഭിക്കുന്ന ഉണര്‍വ് വിപണിയില്‍ ഇതുവരെയും പ്രകടമായിട്ടില്ല. വരുംദിവസങ്ങളില്‍ കച്ചവടം കൂടുതല്‍ തകൃതിയാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.