മാലിന്യം തള്ളുന്നവരെ പിടികൂടാനുള്ള നിരീക്ഷണ കാമറ പദ്ധതി കരാർ നീട്ടാൻ മേയർ, എതിര്‍ത്ത് പ്രതിപക്ഷം
1452950
Friday, September 13, 2024 3:49 AM IST
കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ചുമത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി ഇഴയുന്നുവെന്ന് പ്രതിപക്ഷം. ഒരു വര്‍ഷം പിന്നിട്ടിട്ടും പദ്ധതി അനന്തമായി നീളുകയാണ്. വീണ്ടും കരാറുകാര്‍ക്ക് സമയം നീട്ടി നല്‍കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും പുതിയ കരാറുകാരെ കണ്ടെത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തികളും ആരംഭിച്ചിട്ടില്ല. ഇതിനിടെ കാരാര്‍ നീട്ടി നല്‍കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല. കാലതാമസം വരുത്തിയതിന്റെ കാരണമെന്തെന്ന് ഫയല്‍ പരിശോധിച്ച ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ എന്നും യുഡിഎഫ് പാര്‍ലമെന്ററികാര്യ നേതാവ് എം.ജി. അരിസ്റ്റോട്ടില്‍ പറഞ്ഞു. മേയര്‍ ഇതംഗീകരിച്ചില്ല. മൂന്നു മാസംകൂടി കരാറുകാര്‍ക്ക് സമയം നല്‍കാമെന്നും അതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്നും മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷനില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സതേണ്‍ ഇലക്ട്രോണിക്സ് ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റംസ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയത്. 600 കാമറകള്‍ക്ക് പകരമായി കമ്പനിയുടെ അത്രതന്നെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനും അനുമതി നല്‍കിയിരുന്നു.
ഒരു വര്‍ഷമാണ് ഇംപ്ലിമെന്റേഷന്‍ കാലപരിധി നിശ്ചയിച്ചത്. ഈ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടാണ് കരാറുകാര്‍ കോര്‍പറേഷനെ സമീപിച്ചത്.