ആലുവയിൽ സ്വകാര്യബസുകൾ റൂട്ട് തെറ്റിച്ചോടുന്നു : പെരുന്പാവൂർ റൂട്ടിൽ വൻ ഗതാഗതക്കുരുക്ക്
1452940
Friday, September 13, 2024 3:36 AM IST
ആലുവ : പെരുമ്പാവൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ ചൂണ്ടിയിൽ ഗതാഗതക്കുരുക്കെന്ന പേരിൽ കെഎസ്ആർ ടി സി റൂട്ടിൽ ഓടുന്നതായി പരാതി. ഇതോടെ ആലുവയ്ക്ക് മുമ്പുള്ള 12 ഓളം ബസ് സ്റ്റോപ്പുകളിലെ യാത്രക്കാർ ദുരിതം അനുഭവിക്കുന്നതായാണ് ആക്ഷേപം.
സ്വകാര്യ ബസുകൾ മാറിയോടുന്ന ജിടിഎൻ, കൃപ, എൻ ഗിരി, തോട്ടും മുഖം റൂട്ടിലും വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുകയാണ്. ചൂണ്ടിയിലോ, കൊച്ചിൻ ബാങ്ക് കവലയിലോ ട്രാഫിക് ബ്ലോക്ക് ഉണ്ടെന്നറിഞ്ഞാൽ സ്വകാര്യ ബസുകൾ രാജഗിരി ആശുപത്രിയുടെ മുൻവശത്ത് നിന്ന് വലത്തേക്ക് തിരിഞ്ഞാണ് പോകുന്നത്.
ട്രാഫിക്ക് ബ്ലോക്ക് ആണെന്ന പേരിൽ കുറച്ചു നാളുകളായി ചൂണങ്ങംവേലി സെന്റ് ജോസഫ്സ് സ്കൂൾ കഴിഞ്ഞ് പെരിയാർ വാലി കനാൽ റോഡിലൂടെ എടത്തല റോഡിലെത്തിയാണ് ചൂണ്ടിയിലേക്ക് ബസുകൾ പോയിരുന്നത്. ഒരു ബസ് സ്റ്റോപ്പ് മാത്രമാണ് വിട്ടു പോയിരുന്നത്. എന്നാൽ 12 പുതിയ റൂട്ട് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കീഴ്മാട് വഴി തോട്ടുമുഖം ജംഗ്ഷനിലെത്തുന്ന വഴി പലയിടത്തും ഇടുങ്ങിയതാണ്. ബസുകൾ റൂട്ട് തെറ്റിക്കുന്ന റോഡിൽ രാവിലെയും വൈകിട്ടും സ്ക്കൂൾ ബസുകൾ കടന്നു പോകുന്നുണ്ട്. ഗതാഗതക്കുരുക്കിൽ സ്കൂൾ ബസുകളും കുടുങ്ങുകയാണ്.
കീഴ്മാട് തോട്ടുമുഖം റോഡിൽ എൻ ഗിരിക്ക് സമീപം കലുങ്ക് അപകടാവസ്ഥയിലാണ്. ഇത് പരിഗണിക്കാതെയാണ് ബസുകൾ കടന്നു പോകുന്നത്. വലിയ വാഹനങ്ങൾ യാത്ര ചെയ്യരുതെന്ന് പി ഡബ്ല്യുഡി ബോർഡ് സ്ഥാപിച്ചിട്ട് രണ്ട് വർഷമാകാറായി ഈ കലുങ്കി ലൂടെയാണ് വഴിമാറിയോടുന്ന സ്വകാര്യ ബസുകളുടെ യാത്ര.