ബൈക്ക് യാത്രക്കാരന്റെ മരണം; പിക്കപ്പ് ഡ്രൈവർക്ക് തടവുശിക്ഷ
1452937
Friday, September 13, 2024 3:36 AM IST
വാഴക്കുളം: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ട സംഭവത്തിൽ പിക്ക് അപ് ഡ്രൈവർക്ക് കോടതി തടവുശിക്ഷ വിധിച്ചു. വാഴക്കുളം കറുകശേരിൽ റ്റോജി ജോസഫിനാണ് മൂന്നു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി ടോമി വർഗീസാണ് ശിക്ഷ വിധിച്ചത്.
ആറു വർഷം മുമ്പ് 2018 ഏപ്രിലിൽ ആവോലി കണ്ണപ്പുഴ പാലത്തിനു സമീപമാണ് അപകട മരണമുണ്ടായത്. മൂവാറ്റുപുഴ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന റ്റോജി ഓടിച്ചിരുന്ന പിക്കപ്പ് വാൻ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. വാഴക്കുളം തലച്ചിറ അഭിലാഷ് (40) അപകടത്തിൽ മരിക്കുകയും ഒപ്പമുണ്ടായിരുന്ന മകൻ ആദിത്യന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അശ്രദ്ധമായി വാഹനം ഓടിച്ചതിന് ആറു മാസം കഠിനതടവും പരിക്ക് എല്പിച്ചതിന് മൂന്നു മാസം തടവും അപകടത്തെ തുടർന്ന് അസ്ഥികൾക്ക് ഒടിവ് സംഭവിച്ചതിന് ഒരു വർഷം കഠിന തടവും മനപൂർവമല്ലാത്ത നരഹത്യക്ക് രണ്ടു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
പിഴത്തുക അഭിലാഷിന്റെ ഭാര്യക്കും മകനും നൽകാനും കോടതി ഉത്തരവുണ്ട്. വാഴക്കുളം എസ്ഐ വി.വിനുവാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി.