വീട് കുത്തിപ്പൊളിച്ച് മോഷണം : ലക്ഷങ്ങളുടെ സാമഗ്രികൾ നഷ്ടമായി
1575042
Saturday, July 12, 2025 4:27 AM IST
കിഴക്കന്പലം: ചേലക്കുളത്ത് പൂട്ടിയിട്ട വീട് കുത്തിപ്പൊളിച്ച് മോഷണം. വീട്ടുപകരണങ്ങളും പാത്രങ്ങളും ഉൾപ്പെടെ ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ കളവ് പോയിട്ടുണ്ട്. ചേലക്കുളം കാവുങ്ങൽ പറമ്പ് പറക്കുന്നത്ത് അബ്ദുൽ ഖാദറിന്റെ മകൻ യൂനുസിന്റെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. വീടിന്റെ മുൻവശത്തുള്ള വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്.
ആൾത്താമസം ഇല്ലാതിരുന്നതിനാൽ സ്വർണവും പണവും വീട്ടിൽ സൂക്ഷിച്ചിരുന്നില്ല. യൂനുസും കുടുംബവും വിദേശത്താണ് ജോലി ചെയ്യുന്നത്. മൂന്നു വർഷമേ ആയിട്ടുള്ളൂ പുതിയ വീടുവച്ചിട്ട്. പിതാവ് അബ്ദുൽ ഖാദർ വൈകിട്ട് വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് വീട് കുത്തിത്തുറന്ന വിവരം അറിയുന്നത്.
ഉടൻ തന്നെ കുന്നത്തുനാട് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്ക് മുമ്പ് മറ്റൊരു വീട്ടിലും സമാനമായ സംഭവം ഉണ്ടായതായി നാട്ടുകാരൻ പറഞ്ഞു.