മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റേഷന് ശാപമോക്ഷം
1575064
Saturday, July 12, 2025 4:50 AM IST
മൂവാറ്റുപുഴ: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റേഷന് ശാപമോക്ഷമാകുന്നു. കെഎസ്ആർടിസി ഡിപ്പോ നവീകരണം ഇന്ന് ആരംഭിക്കും. രാവിലെ 10ന് നടക്കുന്ന നിർമാണോദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിക്കും. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിക്കും.
മാത്യു കുഴൽനാടൻ എംഎൽഎയുടെ 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്നു 4.25 കോടി ചെലവഴിച്ചാണ് പുതിയ കെട്ടിട സമുച്ചയമുൾപ്പെടെയുള്ള നവീകരണം പൂർത്തീകരിക്കുന്നത്. മൂവാറ്റുപുഴയുടെ മുഖച്ഛായ മാറ്റുന്ന രീതിയിൽ ക്ലോക്ക് ടവർ അടക്കം ഉൾപ്പെടുത്തിക്കൊണ്ട് യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടുംകൂടി അത്യാധുനിക നിലവാരത്തിലാണ് ബസ് സ്റ്റേഷന്റെ നവീകരണം.
നിലവിൽ പണി പൂർത്തീകരിക്കാത്ത കെട്ടിടത്തിന് സാമാന്തരമായി രണ്ട് നിലകളുള്ള പുതിയ കെട്ടിടം ഉണ്ടാകും. സ്റ്റേഷൻ മാസ്റ്റർ റൂം, ഇൻഫർമേഷൻ ഏരിയ, വനിത, പുരുഷ ജീവനക്കാർക്ക് പ്രത്യേകം വിശ്രമ മുറികൾ എന്നിവയുമുണ്ടാവും.
നിലവിൽ പണി പൂർത്തീകരിക്കാതെ കിടക്കുന്ന കെട്ടിടവും ഇതോടൊപ്പം നവീകരിച്ച് ടൈൽ, പെയിന്റിംഗ് ഉൾപ്പെടെയുള്ള ബാക്കി ജോലികൾ പൂർത്തീകരിച്ച് ഉപയോഗപ്രദമാക്കും. യാത്രികർക്കുള്ള കാത്തിരിപ്പ് കേന്ദ്രവും ആധുനിക നിലവാരത്തിൽ സജ്ജീകരിക്കും.
പുതിയ രീതിയിലുള്ള ഓഫീസ് മുറികൾ, യാത്രക്കാർക്ക് വേണ്ടിയുള്ള ശുചിമുറികൾ, വാഷ് ഏരിയ അടക്കമുള്ള സൗകര്യങ്ങളും നവീകരണത്തോടെ സാധ്യമാകും. യാത്രികർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി കോഫി ഷോപ്പും, ഭക്ഷണശാലയും അടക്കമുള്ളവയും ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കെഎസ്ആർടിസി നവീകരണം യാഥാർഥ്യത്തിലേക്ക് എത്തുന്നത്. ഈ പദ്ധതിയുടെ നിർമാണ പ്രവർത്തനത്തിന്റെ ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലാണ് നൽകിയിരിക്കുന്നത്.