പൊതുപണിമുടക്ക് ദിനത്തിലെ അക്രമം; മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
1575040
Saturday, July 12, 2025 4:27 AM IST
മൂവാറ്റുപുഴ: പൊതുപണിമുടക്ക് ദിനത്തിൽ മൂവാറ്റുപുഴ നഗരത്തിൽ മാധ്യമ പ്രവർത്തകനെ ആക്രമിക്കുകയും കെഎസ്ആർടിസി ബസിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
റിമാൻഡിൽ കഴിയുന്ന പുളിഞ്ചോട് മറ്റത്തിൽ രാജഗോപാലൻ, പാലത്തിങ്കൽ ഷുക്കൂർ, രണ്ടാർ കാന്പകാലായിൽ അജാസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. മൂന്നു പ്രതികളും മൂവാറ്റുപുഴ സബ് ജയിലിലാണ്.
ബുധനാഴ്ച നടന്ന പൊതുപണിമുടക്കിൽ സമരാനുകൂലികൾ കെഎസ്ആർടിസി ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ പ്രാദേശിക മാധ്യമ പ്രവർത്തകൻ അനൂപ് സത്യനെ സംഘം ആക്രമിക്കുകയുമായിരുന്നു.
മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അനൂപ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സിഐ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ ഉടൻ പിടികൂടി. തുടർന്ന് കോടതിയിൽ ഹജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു.