മരടിലെ കുടിവെള്ള ക്ഷാമം : പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന് എംഎൽഎ
1575052
Saturday, July 12, 2025 4:39 AM IST
മരട്: മരട് നഗരസഭാ പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് വാട്ടർ അഥോറിറ്റി എറണാകുളം സൂപ്രണ്ടിംഗ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി മരട് നഗരസഭയിൽ യോഗം ചേർന്നു.
വിഷയം ജലവിഭവ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തിര ഇടപെടലുകൾ നടത്താമെന്ന് മന്ത്രി ഫോണിലൂടെ ഉറപ്പു നൽകിയതായി കെ.ബാബു എംഎൽഎ അറിയിച്ചു.
നിലവിലുള്ള ലീക്കുകൾ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തുവാനും നെട്ടൂർ പമ്പിംഗ് സ്റ്റേഷനിൽനിന്നും മരട് ഭാഗവുമായി ബന്ധിപ്പിക്കുന്ന കുണ്ടന്നൂർ ഭാഗത്തെ പുഴയിൽ എച്ച്ഡി പൈപ്പിൽ ലീക്കുണ്ടോയെന്ന് അടിയന്തിരമായി പരിശോധിക്കാനും യോഗത്തിൽ തീരുമാനിച്ചു.
മരടിന് നൽകികൊണ്ടിരിക്കുന്ന 15 എംഎൽഡി ശുദ്ധജലം കൃത്യമായി നൽകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി നെട്ടൂർ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും മരടിലേയ്ക്ക് നൽകുന്ന വെള്ളത്തിന്റെ റീഡിംഗ് സമയബന്ധിതമായി നഗരസഭയെ അറിയിക്കാമെന്ന് ജല അഥോറിറ്റി ഉറപ്പു നൽകി.
ഒരാഴ്ച്ചയ്ക്കു ശേഷം വിഷയം സംബന്ധിച്ചുള്ള റിവ്യു മീറ്റിംഗ് നഗരസഭയിൽ ചേരാമെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ ഉറപ്പു നൽകിയതായും നഗരസഭാ ചെയർമാൻ പറഞ്ഞു.
കെ.ബാബു എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ എസ്. രതീഷ് കുമാർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.