ടാപ്പിംഗ് തൊഴിലാളിക്കു നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം
1575043
Saturday, July 12, 2025 4:27 AM IST
കോതമംഗലം: കാട്ടാനക്കൂട്ടം റബർ ടാപ്പിംഗ് തൊഴിലാളിക്കു നേരെ അക്രമാസക്തരായി പാഞ്ഞടുത്തു. ഇന്നലെ രാവിലെ കോട്ടപ്പടി ചീനിക്കുഴിയിൽ റബർ ടാപ്പിംഗിനെത്തിയ തൊഴിലാളി പവ്വത്തിൽ ജോയിക്ക് നേരേയാണു കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്.
വ്യാഴാഴ്ച രാത്രി രണ്ടു ബൈക്ക് യാത്രികർക്കു നേരെ ആനകൾ തിരിഞ്ഞതിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണു മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു ആക്രമണ ശ്രമം. രാവിലെ ഏഴോടെ റബർ ടാപ്പിംഗിനെത്തിയതായിരുന്നു ജോയി. സമീപത്തെ വീട്ടിൽ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി കോലേക്കാട്ട് അനിൽ, മാന്പിള്ളി ഇന്റീരിയൽ സ്ഥാപനം നടത്തുന്ന നിതീഷ് എന്നിവരാണു ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
അനിലിന്റെ ബൈക്ക് ചവിട്ടിമറിച്ചാണ് ആന കടന്നുപോയത്. കുട്ടിയാനയടക്കം ആറ് ആനകളാണു പ്ലാമുടി ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. കോട്ടപ്പാറ വനാതിർത്തി പങ്കിടുന്ന പ്ലാമുടി, കൂവക്കണ്ടം, കല്ലുളി, ഷാപ്പുംപടി, മൂന്നാംതോട്, വാവേലി, വടക്കുംഭാഗം, ചേലക്കാപ്പള്ളി, മുട്ടത്തുപാറ, ഉപ്പുകണ്ടം, ചീനിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ആനകളെ ഭയന്നാണ് ജനങ്ങൾ കഴിയുന്നത്.
പ്ലാമുടിക്ക് സമീപം വ്യാഴാഴ്ച രാത്രി ഭീതിപരത്തിയ കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങിയത് ഇന്നലെ രാവിലെ ഏഴരയോടെയാണ്. നിരവധി ജനവാസമേഖലകളിലൂടെയാണ് ആനകൾ ചുറ്റിത്തിരിഞ്ഞത്. പുരയിടങ്ങളിലും റോഡുകളിലും ആനകൾ എത്തി. പഞ്ചായത്ത് ആസ്ഥാനമായ ചേറങ്ങനാൽ ജംഗ്ഷന് മുക്കാൽ കിലോമീറ്റർ അടുത്തുവരെ ആനക്കൂട്ടം കടന്നു കൂടി. ദിവസങ്ങൾക്ക് മുന്പ് വനപാലകർക്ക് നേരെയും ആനകൾ പാഞ്ഞടുത്തിരുന്നു.
നാല് പിടിയാനകളും രണ്ട് കുട്ടിയാനകളും ഉൾപ്പെട്ട സംഘം കുറച്ച് ദിവസങ്ങളായി ജനവാസ മേഖലകളിൽ സ്ഥിരം സാന്നിദ്ധ്യമാണ്. ഇവ ഏഴിനു ശേഷമാണ് കാട്ടിലേക്ക് മടങ്ങുന്നത്. പഞ്ചായത്തിലെ കൂടുതൽ പ്രദേശങ്ങളും ആന ഭീഷണിയുടെ പരിധിയിലായി. വനം വകുപ്പിനെതിരെ ജനരോഷം ശക്തമാകുകയാണ്.
അങ്കണവാടി കെട്ടിടത്തിന് ചുറ്റുമുള്ള വൈദ്യുതി വേലി തകർത്ത് കാട്ടാനക്കൂട്ടം
കാലടി: കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് 17-ാം ബ്ലോക്കിലെ അങ്കണവാടിക്ക് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതി വേലി എണ്ണ പ്പന മറിച്ചിട്ട് കാട്ടാനക്കൂട്ടം തകർത്തു. ഇന്നലെ പുലർച്ചെ അഞ്ച് ആനകളടങ്ങുന്ന കൂട്ടമാണ് പന തള്ളിയിട്ട് വൈദ്യുതി വേലി തകർത്തത്.
അതിരാവിലെ ജോലിക്ക് പോയിരുന്ന പ്ലാന്റേഷൻ തൊഴിലാളികൾ കാട്ടനാക്കൂട്ടം പന മറിച്ചിട്ട് തിന്നുന്നതു കണ്ട് ഒച്ചയെടുത്തതോടെ നാലെണ്ണം കാട് കയറി. എന്നാൽ മോഴയാന പന തിന്നുകഴിയുന്നതു വരെ അവിടെ നിലയിറപ്പിച്ചു. പിന്നീട് കൂടുതൽ ആളുകൾ എത്തി ആനയെ ശബ്ദമുണ്ടാക്കി തുരത്തുകയായിരുന്നു.
സ്ഥലത്തെത്തിയ ഓയിൽ പാം ഫീൽഡ് ഓഫിസർ കെ.എം. ജോഫിയുടെ നേതൃത്വത്തിൽ വൈദ്യുതി വേലി പുനഃസ്ഥാപിച്ചു. നാളുകൾക്ക് മുന്പ് അങ്കണവാടിക്ക് സമീപമെത്തിയ കാട്ടാനയെ കണ്ടു ഭയന്ന ടീച്ചറും ഹെൽപ്പറും കുട്ടികളുമായി ഇറങ്ങി ഓടിയിരുന്നു.
പിന്നീടാണ് കെട്ടിടത്തിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചത്. ആനകൾ സ്ഥിരമായി ഇറങ്ങുന്ന ഇവിടെ നിന്നും അംഗൻവാടി മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.