ഡെങ്കിപ്പനി വ്യാപനം : കൗണ്‍സില്‍ യോഗം തടസപ്പെടുത്തി പ്രതിപക്ഷ പ്രതിഷേധം
1452667
Thursday, September 12, 2024 3:36 AM IST
കൊച്ചി: നഗരത്തില്‍ ഡെങ്കിപ്പനി വ്യാപനം തടയുന്നതില്‍ മേയര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍. എച്ച് 1എന്‍ 1 പനി പടര്‍ന്നുപിടിച്ച് ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ ആശുപത്രികളില്‍ കിടക്ക പോലും ലഭിക്കാത്ത സാഹചര്യമാണെന്നും നഗരസഭയുടെ പ്രതിരോധ പ്രവര്‍ത്തനം പാളിയെന്നും ആരോപിച്ചായിരുന്നു കൗണ്‍സില്‍ യോഗത്തിലെ പ്രതിഷേധം. പ്രതിഷേധത്തില്‍ യോഗം മുന്നോട്ടുപോകാന്‍ സാധിക്കാതെ വന്നതോടെ കൗണ്‍സില്‍ നടപടികള്‍ അവസാനിപ്പിച്ച് മേയര്‍ ഹാള്‍ വിട്ടുപോയി.
മേയര്‍ ഡയസില്‍ എത്തിയതോടെ പ്രതിപക്ഷം നടുത്തളത്തിലെത്തി പ്ലക്കാര്‍ഡുകളും കൈയിലേന്തി മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. മേയറുടെ ആവശ്യപ്രകാരം ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. അഷറഫ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് യോഗ നടപടികള്‍ അവസാനിക്കുന്നതായി അറിയിച്ച് മേയര്‍ ഹാള്‍ വിട്ട് പുറത്തുപോയത്.
കൊതുകുനിവാരണത്തിന് നഗരസഭ നടപടികള്‍ സ്വീകരിക്കാതെ മുന്നോട്ടുപോകുന്നത് ജനവഞ്ചനയാണെന്നും അടിയന്തരമായി നഗരത്തില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ആവശ്യപ്പെട്ടു. വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുപേരെ നല്‍കുമെന്ന് പറഞ്ഞിട്ട് ഇതുവരെ ആരെയും നല്‍കിയിട്ടില്ല.
നഗരസഭയുടെ ഔദ്യോഗിക കണക്കനുസരിച്ച് ഹെല്‍ത്ത് ഓഫീസില്‍ നല്‍കിയിട്ടുള്ളത് കൊച്ചി നഗരത്തില്‍ 11 പേര്‍ക്ക് മാത്രമാണ് ഡെങ്കിപ്പനി എന്നതാണ്. ഇത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്. ഡെങ്കിപ്പനിയെ തുടര്‍ന്ന് മൂന്നോളം ജീവനുകള്‍ നഷ്ടപ്പെട്ടു. നഗരസഭയുടെ സമീപനം ഈ നിലയിലാണെങ്കില്‍ പ്രതിഷേധ സമരവുമായി മുന്നോട്ടുവരുമെന്നും പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടില്‍ എന്നിവര്‍ പറഞ്ഞു.
കൗണ്‍സില്‍ യോഗം തടസപ്പെടുത്തിയുള്ള പ്രതിപക്ഷത്തിന്റെ സമരം എന്തിനുവേണ്ടിയായിരുന്നുവെന്ന് അറിയില്ലെന്നായിരുന്നു മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിക്കവേ പറഞ്ഞു. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് കൗണ്‍സിലില്‍ ഇതുവരെ ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ തയാറായിട്ടില്ല.
വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു ആവശ്യമെങ്കില്‍ പ്രതിഷേധം ഒഴിവാക്കി കൗണ്‍സില്‍ നടപടികളോട് സഹകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. കൊച്ചി കോര്പറേഷനിലേക്കാള് ഡെങ്കിപ്പനി പ്രശ്നം രൂക്ഷമായുള്ളത് നഗരസഭാ അതിര്‍ത്തിക്ക് പുറത്താണെന്നും മേയര്‍ പറഞ്ഞു.