കെട്ടിട നികുതി: ഓണത്തിന് ശേഷം വീണ്ടും അദാലത്ത്
1452666
Thursday, September 12, 2024 3:36 AM IST
കൊച്ചി: കെട്ടിട നികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഓണത്തിനു ശേഷം വീണ്ടും അദാലത്ത് നടത്തുമെന്ന് മേയര്‍ എം. അനില്‍കുമാര്‍. സോണ്‍ തലത്തില്‍ കഴിഞ്ഞ അഞ്ചു ദിവസമായി നടന്ന അദാലത്തില്‍ 1,602 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1,352 എണ്ണം തീര്‍പ്പാക്കി. 245 എണ്ണം പരിഗണനയിലാണ്.
നഗരസഭയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 20,000 ഓളം കെട്ടിടങ്ങളുടെ വിവരങ്ങള്‍കൂടി കെ സ്മാര്ട്ടില് ഉള്‍പ്പെടുത്താനുണ്ട്. ഇതിനായാണ് ഓണത്തിന് ശേഷം വീണ്ടും അദാലത്ത് നടത്തുന്നതെന്നും മേയര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ചവര്‍ക്ക് ഓണ്‍ലൈനായി നികുതി അടയ്ക്കാന്‍ സാധിക്കും. 2016 മുതലുള്ള നികുതി കുടിശികയില്‍ പിഴപ്പലിശ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോര്പറേഷന് പരിധിയിലുള്ള 3.19 ലക്ഷം കെട്ടിടങ്ങളില്‍ 20,000 കെട്ടിടങ്ങള്‍ മാത്രമാണു നിലവില്‍ കെ സ്മാര്ട്ടില് ഉള്പ്പെടാതെയുള്ളൂ. പ്രശ്നങ്ങള്‍ പരിഹരിച്ച് ഈ മാസത്തോടെ മുഴുവന്‍ കെട്ടിടങ്ങളും കെ സ്മാര്ട്ടില് ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. കെ സ്മാര്‍ട് പൂര്‍ണ സജ്ജമാകുന്നതോടെ റവന്യു വരുമാനത്തില്‍ വലിയ മാറ്റമുണ്ടാകും. അര്‍ധവര്‍ഷം അവസാനിക്കുന്ന സെപ്റ്റംബറില്‍ പ്രതിദിനം 1.25 കോടി രൂപ നികുതി വരുമാനമായി ലഭിക്കുന്നുണ്ടെന്നും മേയര്‍ പറഞ്ഞു.