കരുമാലൂരിൽ അധികാരത്തർക്കം
1451518
Sunday, September 8, 2024 3:51 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി വീണ്ടും വിവാദം. മുൻ ധാരണ പ്രകാരമുള്ള അധികാര കൈമാറ്റത്തിനു നിലവിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും തയാറാകാതെ വന്നതാണു പുതിയ തർക്കത്തിനു കാരണമെന്നു സൂചന.
സംഭവത്തെ തുടർന്നു പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടിയിരുന്ന സിപിഎം പഞ്ചായത്ത് അംഗം പാർട്ടി മെന്പർഷിപ് സ്ഥാനം രാജി വയ്ക്കുമെന്നു കാണിച്ചു പാർട്ടി നേതൃത്വത്തിനു കത്തു നൽകിയതായാണ് സൂചന.
കരുമാലൂർ പഞ്ചായത്ത് ഭരണസമിതി ചുമതലയേൽക്കുമ്പോൾ ആദ്യ നാലു വർഷം നിലവിലെ പ്രസിഡന്റ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി എന്നിവരും തുടർന്നുള്ള ഒരു വർഷം മറ്റു രണ്ടു പഞ്ചായത്ത് അംഗങ്ങളും ഈ സ്ഥാനങ്ങൾ പങ്കു വയ്ക്കാമെന്നായിരുന്നു ധാരണ ഉണ്ടായിരുന്നത്.
ഇതുപ്രകാരം കഴിഞ്ഞ മാസം സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാൽ ഇതിനു തയാറാകാതെ വന്നതിനെ തുടർന്നാണ് അധികാര തർക്കം രൂക്ഷമായിരിക്കുന്നത്.വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ട സ്വതന്ത്ര അംഗത്തിന്റെ പിന്തുണയിലാണു സിപിഎം കരുമാലൂർ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.
സ്ഥാനം ലഭിച്ചില്ലെങ്കിൽ ഈ പിന്തുണ പിൻവലിക്കുമെന്നു സൂചനയുണ്ട്. ഇതോടെ വീണ്ടും കരുമാലൂർ ഇടതുപക്ഷത്തിൽ ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്. സംഭവം വിവാദമായതോടെ പ്രസിഡന്റ് സ്ഥാനത്തിന്റ് കാര്യത്തിൽ സിപിഎം നേതൃത്വം ഇടപെട്ട് ഒത്തുതീർപ്പു ചർച്ച നടത്തിയതായി സൂചനയുണ്ട്.