ടവര്‍ സ്ഥാപിക്കാന്‍ സ്ഥലം കൊടുത്ത ഉടമ വെട്ടിലായി
1451510
Sunday, September 8, 2024 3:36 AM IST
പെരുമ്പാവൂര്‍: ടവര്‍ സ്ഥാപിക്കാന്‍ സ്വകാര്യ ടെലികോം കന്പനിക്ക് വാടകയ്ക്ക് സ്ഥലം വിട്ടുകൊടുത്ത ഉടമ വെട്ടിലായി. കോടനാട് കുറിച്ചിലക്കോട് പള്ളശേരി വീട്ടില്‍ പി.പി. ആന്റണിയെ (63) കരാർ പ്രകാരമുള്ള വാടക നല്‍കാതെ കമ്പനി ചുറ്റിക്കുന്നതായാണ് പരാതി.
പരാതിക്കാരൻ പറയുന്നതിങ്ങനെ: 2007ൽ വാടക കരാറുണ്ടാക്കി അഞ്ച് സെന്റ് സ്ഥലത്ത് ടവര്‍ സ്ഥാപിച്ചു. മൂന്നു വര്‍ഷം കഴിയുമ്പോള്‍ 30 ശതമാനം വാടക വർധിപ്പിക്കുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 2009 വരെ രണ്ടു വര്‍ഷം വാടക അക്കൗണ്ടിലേക്ക് വന്നെങ്കിലും പിന്നീട് നിലച്ചു. കഴിഞ്ഞ 15 വര്‍ഷമായി വാടക നല്‍കുന്നില്ല. 20 വര്‍ഷത്തേക്കാണ് എഗ്രിമെന്റ്.
എറണാകുളത്തെ പ്രധാന ഓഫീസില്‍ മാനേജര്‍ക്ക് പരാതി നല്കിയപ്പോള് കരാറുണ്ടാക്കിയ മാനേജര്‍ സ്ഥലം മാറി പോയെന്നാണ് മറുപടി. കന്പനി മാനേജര്‍ക്കെതിരെ കോടനാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് വാടക തീര്‍ത്ത് നല്‍കാമെന്ന് പറഞ്ഞെങ്കിലും പണം നല്കാന് കമ്പനി തയാറായില്ല.
ഇതിനു പുറമെ ടവര്‍ സ്ഥാപിക്കുന്നതിനും ഫില്ലര്‍ സ്ഥാപിക്കുന്നതിനും മറ്റും താൻ പണം മുടക്കിയതെങ്കിലും ആ പണവും കമ്പനി നല്കാന് തയാറായില്ലെന്ന് കർഷകനായ ആന്റണി പറയുന്നു.