ഗതകാല സ്മരണയിൽ തൃപ്പൂണിത്തുറയിൽ അത്തം ഘോഷയാത്ര ഇന്ന്
1450994
Friday, September 6, 2024 3:43 AM IST
തൃപ്പൂണിത്തുറ: ഗതകാല സ്മരണകളുണർത്തി രാജനഗരിക്ക് ഇന്ന് അത്തച്ചമയം. പണ്ടെന്നോ മുടങ്ങിപ്പോയ കൊച്ചി രാജാവിന്റെ അത്തം നാളിലെ ചമയ പുറപ്പാടിന്റെ ഓർമ പുതുക്കി ഇന്ന് ജനകീയ അത്തച്ചമയ ഘോഷയാത്ര തൃപ്പൂണിത്തുറയിലെ രാജവീഥികളിലൂടെ കടന്നുവരും.
അത്തം നാളിൽ രാവിലെ ആടയാഭരണങ്ങൾ അണിഞ്ഞ് സിംഹാസനസ്ഥനാകുന്ന രാജാവിന് മുന്നിലെത്തി നെട്ടൂർ തങ്ങൾ കുറുങ്കുഴൽ വായിക്കും.
കരിങ്ങാച്ചിറ കത്തനാരും ചെമ്പിലരയനും സാക്ഷ്യം വഹിക്കുന്ന ചടങ്ങ് കഴിയുന്നതോടെയായിരുന്നു രാജാവിന്റെ ചമയപുറപ്പാട് നടന്നിരുന്നത്. പഴയ ചടങ്ങിന്റെ അനുസ്മരണാർഥം ജനകീയ അത്തച്ചമയ ഘോഷയാത്രയിലും നെട്ടൂർ തങ്ങളും ചെമ്പിലരയനും കരിങ്ങാച്ചിറ കത്തന്നാരും പങ്കെടുക്കുന്ന അത്താഘോഷ വേദിയിൽ ഇന്ന് രാവിലെ 9.30ന് സ്പീക്കർ എ.എൻ. ഷംസീർ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.
കെ. ബാബു എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തും. ഹൈബി ഈഡൻ എംപി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ വർണോജ്വലമായ അത്തച്ചമയ ഘോഷയാത്ര അത്തം നഗറിൽ നിന്ന് നഗരം ചുറ്റാനിറങ്ങും. ഉച്ചകഴിഞ്ഞ് മൂന്നിന് ഘോഷയാത്ര തിരിച്ചെത്തുന്നതോടെ സിയോൻ ഓഡിറ്റോറിയത്തിൽ പൂക്കളങ്ങളുടെ പ്രദർശനം തുടങ്ങും.വൈകിട്ട് അത്തം നഗറിൽ കലാസന്ധ്യയുടെ ഉദ്ഘാടനത്തിനുശേഷം തൊടുപുഴ ബീറ്റ്സിന്റെ ഗാനമേള നടക്കും.
അത്തം നഗറിൽ ഉയർത്താനുള്ള അത്തപ്പതാക ഹിൽപാലസിൽ നടന്ന ചടങ്ങിൽ കൊച്ചി രാജകുടുംബ പ്രതിനിധി സുഭദ്ര തമ്പുരാനിൽ നിന്ന് നഗരസഭാധ്യക്ഷ രമ സന്തോഷ് ഏറ്റുവാങ്ങി.
തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ അത്തം നഗറിലേക്ക് തിരിച്ച ഘോഷയാത്രയ്ക്ക് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വികാരിമാരായ ഫാ. റിജോ ജോർജ്, ഫാ. ടിജോ മർക്കോസ്, ഫാ. ബേസിൽ ഷാജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് കൊടിമരവും പതാകയും ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ എത്തിച്ചു.