സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം കൈയേറ്റം ചെയ്തു
1444487
Tuesday, August 13, 2024 3:51 AM IST
പിറവം: സ്വകാര്യബസ് ഡ്രൈവറെ കാറിലെത്തിയ സംഘം കൈയേറ്റം ചെയ്തതായി പരാതി. കാറിനെ ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പിറവത്ത് പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ബസ് ഡ്രൈവർക്കു നേരെ കൈയേറ്റ സംഭവമുണ്ടായത്.
കഴിഞ്ഞ എട്ടിന് രാത്രിയാണ് എറണാകുളം -പിറവം - കൂത്താട്ടുകുളം റൂട്ടിലോടുന്ന അഷ്റിക ബസിന്റെ ഡ്രൈവർ ലിനേഷിനെ ആക്രമിച്ചത്. മുളന്തുരുത്തിക്കടുത്ത് വെട്ടിക്കുളത്തുവച്ച് ബസ്, ഒരു സ്വിഫ്റ്റ് കാറിനെ ഓവർടേക്ക് ചെയ്തിരുന്നു. കാറിലുണ്ടായിരുന്നവർ പിന്നാലെയെത്തി തോട്ടപ്പടിയിൽ ബസ് തടഞ്ഞുനിർത്തി ഡ്രൈവറേയും, കണ്ടക്ടറേയും അസഭ്യം പറഞ്ഞിരുന്നു.
തുടർന്ന് പിറവത്ത് ഇന്ത്യൻ ഓയിൽ പമ്പിൽ ഇന്ധനം നിറച്ചു കൊണ്ടിരിക്കെ വീണ്ടും കാറിലെത്തിയ സംഘം ഡ്രൈവറെ കൈയേറ്റം ചെയ്യുകയായിരുന്നു.
ഡ്രൈവറെ പിറവം താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ചു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. പ്രശ്നത്തിൽ ബസ് തൊഴിലാളി യൂണിയൻ - സിഐടിയു ഇടപെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പോലീസ് മുളന്തുരുത്തി സ്വദേശികളായ അഞ്ചു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം കാറിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.