ബസിനുള്ളിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രതി അറസ്റ്റിൽ
1443301
Friday, August 9, 2024 4:07 AM IST
കോതമംഗലം: സ്വകാര്യ ബസിനുള്ളിൽ സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതി അറസ്റ്റിൽ. പെരുന്പാവൂർ കൂവപ്പടി കാരാട്ട്പള്ളിക്കര ജോമോനെ (38)യാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തിരക്കുള്ള ബസിൽ രാവിലെ പെണ്‍കുട്ടികൾ സ്കൂളിലേക്ക് പോകുന്ന സമയം ബസിൽ സ്ഥിരമായി പ്രതി ശല്യം ചെയ്യാറുണ്ടെന്ന് വിദ്യാർഥിനികൾ പോലീസിനോട് പറഞ്ഞു.
കോതമംഗലം-മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന ബസിൽ ബുധനാഴ്ചയാണ് വിദ്യാർഥിനികളെ ഇയാൾ ശല്യപ്പെടുത്തിയത്. ദുരനുഭവമുണ്ടായ ഒരു വിദ്യാർഥിനിയുടെ പരാതിയെതുടർന്നാണ് പോലീസ് കേസെടുത്തത്. വിദ്യാർഥിനി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘങ്ങളായിത്തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ പെരുന്പാവൂർ ഭാഗത്തുനിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്കൂൾ കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ബസ് ജീവനക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഇക്കാര്യത്തിൽ അലഭാവം ഉണ്ടായാൽ ബസ് ജീവനക്കാരെ പ്രതി ചേർക്കുകയും പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.ടി. ബിജോയ്, ഇൻസ്പെക്ടർമാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, സീനിയർ സിപിഒമാരായ സ്വരാജ്, നിയാസ്, ഷിയാസ്, അന്പിളി കുഞ്ഞുമോൻ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.