ഓടിക്കൊണ്ടിരുന്ന പിക്കപ്പില്‍നിന്ന് തീയും പുകയും
1443299
Friday, August 9, 2024 3:57 AM IST
മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനില്‍നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരം ആറോടെ മൂവാറ്റുപുഴ ലത തീയേറ്ററിന് സമീപം ഓടികൊണ്ടിരുന്ന വാഹനത്തില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നത്.
പിറവത്ത് നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന പിക്കപ്പ് വാനില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ റോഡിന് സമീപത്തായി വാഹനം നിര്‍ത്തി ബാറ്ററിയും വാഹനവുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു.
പുക ഉയര്‍ന്നപ്പോള്‍ വാഹനത്തില്‍ ഡ്രൈവര്‍ ജോണി മാത്രമാണ് ഉണ്ടായിരുന്നത്. മൂവാറ്റുപുഴ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരെത്തുന്നതിന് മുമ്പ് നാട്ടുകാര്‍ തീ അണച്ചു.
ആയവന കാവക്കാട് സ്വദേശി ജീമോന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് തീപിടിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടമാണ് ഒഴിവായത്.