പാറക്കടവ് ബ്ലോക്ക് സംരംഭക സംഗമം നടത്തി
1441849
Sunday, August 4, 2024 4:55 AM IST
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംരംഭക സംഗമം സംഘടിപ്പിച്ചു. സംഗമം വ്യവസായ-നിയമ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് അധ്യക്ഷനായിരുന്നു. റോജി എം. ജോൺ എംഎൽഎ മുഖ്യാതിഥിയായി.
പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.വി. ജയദേവൻ, റോസി ജോഷി, എ.വി. സുനിൽ, ജയ മുരളീധരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര സജീവ് തുടങ്ങിയവർ സംസാരിച്ചു.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ കഴിഞ്ഞ മൂന്നു വർഷത്തെ വാർഷിക പദ്ധതിയിലൂടെ 41 ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിച്ചു. ഇതിലൂടെ 150 ഓളംപേർക്ക് തൊഴിലും ഒന്നേകാൽ കോടി രൂപയുടെ നിക്ഷേപവും സൃഷ്ടിക്കപ്പെട്ടു. മികച്ച സംരംഭകരായ പുത്തൻവേലിക്കര പഞ്ചായത്തിലെ കൈപ്പുണ്യം ഗ്രൂപ്പിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
വ്യവസായ വകുപ്പ് നടപ്പാക്കുന്ന സംരംഭക വർഷത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ച ഗ്രാമപഞ്ചായത്തുകളായ നെടുമ്പാശേരി ഗ്രാമപഞ്ചായത്തിനും പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിനും മന്ത്രി മൊമ്മന്റോ നൽകി അഭിനന്ദിച്ചു. സംരംഭങ്ങൾ ആരംഭിക്കുന്നതിലും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിലും മികച്ച പ്രവർത്തനമാണ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് നടത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.