കെഎസ്ആർടിസി ബസുകൾക്ക് ആലുവ സീനത്ത് ജംഗ്ഷനിൽ സ്റ്റോപ്പ്
1441834
Sunday, August 4, 2024 4:30 AM IST
ആലുവ: മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമംഗലം എന്നിവിടങ്ങളിൽ നിന്ന് ആലുവയിലേക്ക് പ്രവേശിക്കുന്ന കെഎസ്ആർടിസി ഫാസ്റ്റ്, ഓർഡിനറി ബസുകൾക്ക് സീനത്ത് തിയേറ്റർ ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ആലുവ താലൂക്ക് വികസന സമിതിയുടെ 2023 നവംബർ 25 ന് നടന്ന യോഗ ശുപാർശ പ്രകാരമാണ് ഈ തീരുമാനം. കഴിഞ്ഞ മാസം ആലുവ ബാർ അസോസിയേഷനും ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
അഞ്ച് വർഷം മുമ്പ് നഗരത്തിൽ വൺവേ സമ്പ്രദായം നടപ്പിലാക്കുന്നത് വരെ പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിൽ വരുന്ന ബസുകൾ പമ്പ് കവലയിലൂടെ നേരെ റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാൽ പുതിയ റൂട്ട് പ്രകാരം പമ്പ് കവലയിലേക്ക് കയറാതെ സീനത്ത് തീയേറ്റർ വഴി റയിൽവേ സ്റ്റേഷൻ ജംഗ്ഷനിലെത്താൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചു. ഇതോടെ രണ്ട് സ്റ്റോപ്പിലും ബസുകൾ നിർത്താതായായി.
ഇത് പെരുമ്പാവൂർ മേഖലയിൽ നിന്ന് ദേശസാത്കൃത റൂട്ടിൽ വരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടായി. ഈ വിഷയം പരിഗണിച്ച ആലുവ താലൂക്ക് വികസന സമിതിയാണ് ബസുകൾ പമ്പ് കവലയ്ക്കും കെഎസ്ആർടി ബസ് സ്റ്റേഷനും ഇടയിലുള്ള സീനത്ത് ജംഗ്ഷനിൽ നിർത്തണമെന്ന് ശുപാർശ ചെയ്തത്. ഇനി മുതൽ പ്രിയദർശിനി റോഡ്, സീനത്ത് ജംഗ്ഷൻ, റെയിൽവേ ജംഗ്ഷനിലെത്തുന്ന കെഎസ്ആർടിസി ബസുകൾ സീനത്ത് ജംഗ്ഷനിലും നിർത്തണം. അതിനു ശേഷം റെയിൽവേ ജംഗ്ഷനിലെ പഴയ ബസ് സ്റ്റാൻഡിന് മുന്നിലും ബസുകൾ നിർത്തും.
കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറാണ് കഴിഞ്ഞ ഒന്നിന് ഈ നിർദേശം നൽകിയത്. ഫാസ്റ്റ് പാസഞ്ചർ വരെയുള്ള എല്ലാ കെ എസ് ആർ ടി സി സർവീസുകൾക്കും ഇത് ബാധകമാണെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു. ഇതോടെ ആലുവ ടൗൺ പോലീസ് സ്റ്റേഷൻ, റൂറൽ പോലീസ് ആസ്ഥാനം, കോടതികൾ, പൊതുമരാമത്ത് വകുപ്പ് ഓഫീസുകൾ, സബ്ട്രഷറി, ഈ എസ് ഐ ഡിസ്പെൻസറി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് പുതിയ സ്റ്റോപ്പ് ഉപകാരപ്രദമായിരിക്കുകയാണ്.