ആലുവ മണപ്പുറത്ത് ജലതർപ്പണം ഒഴിവാക്കി കർക്കടക വാവുബലി
1441826
Sunday, August 4, 2024 4:30 AM IST
ആലുവ: പിതൃസ്മരണയിൽ ആലുവ ശിവരാത്രി മണപ്പുറത്ത് ആയിരക്കണക്കിന് വിശ്വാസികൾ ബലിതർപ്പണം നടത്തി. കാലവർഷം മുൻനിർത്തി കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെയും അമാവാസി നാളെ വരെ ഉള്ളതിനാലും ഇന്നലെ പുലർച്ചെ ആരംഭിച്ച ബലിതർപ്പണ ചടങ്ങിൽ ഭക്തജനങ്ങളുടെ പങ്കാളിത്തം മുൻവർഷത്തേക്കാൾ കുറഞ്ഞു.
ആലുവയിൽ പുഴയോരത്ത് ബലിതർപ്പണത്തിനും മണപ്പുറത്തെ ക്ഷേത്രത്തിൽ ദർശനത്തിനും അനുമതി നൽകിയില്ല. മണപ്പുറത്തെ ക്ഷേത്രാങ്കണത്തിൽ ചെളി പൂർണമായി നീക്കാത്തത് കാരണമാണ് ബാരിക്കേഡ് സ്ഥാപിച്ച് ദർശനം തടഞ്ഞത്.
പ്രധാനക്ഷേത്രത്തിൽ ദർശനം അനുവദിച്ചു. ഇത്തവണ മണപ്പറത്തെ പാർക്കിംഗ് ഗ്രൗണ്ടിലാണ് 45 ഓളം ബലിത്തറകൾ തയാറാക്കിയത്. പുഴയിലിറങ്ങാൻ അനുമതി ഇല്ലാത്തതിനാൽ ജലതർപ്പണം ഒഴിവാക്കി അന്ന തർപ്പണം മാത്രമാണ് നടന്നത്.
ബലി തുടങ്ങുന്നതിനു മുന്പും കഴിഞ്ഞ ശേഷവും മുങ്ങി കുളിക്കണമെന്ന ആചാരത്തിലാണ് മാറ്റം വരുത്തിയത്. പാർക്കിംഗ് ഗ്രൗണ്ടിന് സമീപം പ്രത്യേകം തയാറാക്കിയ വലിയ ടാങ്കിൽ കൈയും കാലും കഴുകാനുള്ള വെള്ളം ലഭ്യമാക്കിയിരുന്നു. കുളിച്ചിട്ട് വരണമെന്ന് ഭക്തരോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം ആലുവയിൽ മഴ ഒഴിഞ്ഞത് ഭക്തജനങ്ങൾക്ക് സൗകര്യമായി. മുൻകരുതൽ എന്ന നിലയിൽ പാർക്കിംഗ് ഗ്രൗണ്ടിൽ കൂറ്റൻ ഹാഗിംഗ് പന്തൽ തയാറാക്കിയിരുന്നു. ഇതിന് താഴെയായാണ് ചടങ്ങുകൾ നടന്നത്. പുഴയുടെ തീരത്ത് ചെളിയടിഞ്ഞതിനാലാണ് ബലിതർപ്പണം പാർക്കിംഗ് ഗ്രൗണ്ടിലേക്ക് മാറ്റിയത്. ഇന്നും ബലിയിടൽ തുടരും.