ഭൂതത്താന്‍കെട്ട് ഡാമിന് സമീപം ചെക്ക് ഡാമിന്റെ വശത്തെ ബണ്ട് ഇടിഞ്ഞു
1441825
Sunday, August 4, 2024 4:30 AM IST
കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന് സമീപത്ത് ചെക്ക് ഡാമിന്റെ ഒരു വശത്തെ ബണ്ട് ഇടിഞ്ഞ് വലിയ ജലപ്രവാഹം. ഡാം സംഭരണിയിലേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. അപകട ഭീഷണിയൊന്നും ഇല്ലെന്ന് പെരിയാര്‍ വാലി അധികൃതര്‍ അറിയിച്ചു. ചെക്ക് ഡാമിനോട് ചേര്‍ന്ന് ബണ്ട് ഭാഗത്താണ് ചോര്‍ച്ച ഉണ്ടായിരിക്കുന്നത്.
അണക്കെട്ട് ഭാഗത്ത്നിന്ന് 100 മീറ്റര്‍ മാറി വാച്ച് ടവറിന് സമീപത്താണ് ചെക്ക് ഡാം നിര്‍മിച്ചിരിക്കുന്നത്. വെള്ളം വലിയ തോതില്‍ ഒഴുകുന്ന ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികളാണ് ചെക്ക് ഡാമിന്റെ ഇടത് ഭാഗത്ത് ബണ്ട് ഇടിഞ്ഞ് വലിയതോതില്‍ വെള്ളം പുറത്തേക്ക് തള്ളുന്നത് കണ്ടത്. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.
മഴക്കാലത്ത് ഭൂതത്താന്‍കെട്ട് ഡാം ഷട്ടര്‍ പൂര്‍ണമായും തുറന്നുവിടുന്ന അവസരത്തില്‍ തടാകത്തിലും വൃഷ്ടിപ്രദേശത്തും ടൂറിസറ്റുകള്ക്കായി ബോട്ട് സര്‍വീസ് നടത്താനായി ആറ് വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് ചെക്ക് ഡാം. നിര്‍മാണത്തിലെ അപാകതയാണ് ചോര്‍ച്ചക്ക് കാരണമെന്നും ആരോപണമുണ്ട്. ബണ്ടില്‍ ചെറിയ രീതിയില്‍ രൂപപ്പെട്ട ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
ചോര്‍ച്ച വലിപ്പത്തിലായതോടെ ഉദേശം 30 മീറ്റര്‍ വീതിയില്‍ ബണ്ടിന്റെ പുഴക്ക് അഭിമുഖമായ ഭാഗത്തെ മണ്ണ് തള്ളി പോയി കൂടുതല്‍ ഭാഗം ഇടിഞ്ഞിട്ടുണ്ട്. ചെക്ക് ഡാം ഷട്ടര്‍ തുറന്ന് പുഴയിലേക്ക് വെള്ളം തുറന്നുവിടാന്‍ പെരിയാര്‍ വാലി അധികൃതര്‍ സന്ധ്യയോടെ ആദ്യഘട്ട ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല.
ചെക്ക് ഡാമിന് മുകളില്‍ കയറി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് ഷട്ടര്‍ ഉയര്‍ത്തേണ്ടത്. വലിയ ചോര്‍ച്ചയും രാത്രി സമയവുമായതോടെ പേടി കാരണം ജീവനക്കാര്‍ ആദ്യം തയാറായില്ല.
പിന്നീട് ചെക്ക് ഡാം ഷട്ടര്‍ ഒരു മീറ്റര്‍ ഉയര്‍ത്തി. വെള്ളത്തിന്റെ മര്‍ദ്ദം കുറയ്ക്കാന്‍ രാത്രിയോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ അല്‍പ്പം താഴ്ത്തി സംഭരണിയിലെ ജലനിരപ്പ് ചെക്ക് ഡാമിന് സമനിലയിലാക്കുകയും ചെയ്തിട്ടുണ്ട്.