മുന്നറിയിപ്പില്ലാതെ പാലം അടച്ചു; പെരുവഴിയിലായി വാഹനയാത്രികര്‍
1438464
Tuesday, July 23, 2024 7:24 AM IST
കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍ -തേവര പാലം അടച്ചതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ തേവര ഫെറി ജംഗ്ഷനില്‍ നിന്ന് കണ്ണങ്കാട്ടേക്കുള്ള അലക്സാണ്ടര്‍ പറമ്പിത്തറ പാലവും അടച്ചതോടെ പെരുവഴിയില്‍ കുടുങ്ങി ജനം. കുണ്ടന്നൂര്‍ പാലം അടച്ചപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടാന്‍ സൗകര്യം ഏര്‍പ്പെടുത്തിയ പാലമാണ് ഇന്നലെ രാവിലെ മുതല്‍ അപ്രതീക്ഷിതമായി അടച്ചത്.
അറ്റകുറ്റപ്പണികളുടെ ഭാഗമാണെന്ന് അധികൃതര്‍ വിശദീകരിക്കുമ്പോഴും വ്യക്തമായ മുന്നറിയിപ്പ് നല്കാതിരുന്നതിനാല് ജോലിക്കും മറ്റുമായി വാഹനവുമായി ഇറങ്ങിയവര്‍ ദേശീയപാത 966 ബിയില്‍ മണിക്കൂറുകളാണ് കുടുങ്ങിയത്.
കുണ്ടന്നൂര്‍ പാലം കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്. ഇടക്കൊച്ചി, ഐലൻഡ് ഭാഗത്തു നിന്ന് കുണ്ടന്നൂരിലേക്ക് വരുന്ന വാഹനങ്ങള്‍ അലക്സാണ്ടര്‍ പറമ്പിത്തറ പാലത്തിലൂടെ തേവര ഫെറി ജംഗ്ഷനിലെത്തി ഇടതു ഭാഗത്തേക്ക് തിരിഞ്ഞ് പണ്ഡിറ്റ് കറുപ്പന് റോഡുവഴി തിരിഞ്ഞു പോകണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ അറ്റകുറ്റപ്പണികള്‍ക്കായി അലക്സാണ്ടര്‍ പറമ്പിത്തറ പാലവും അടച്ചു. ഇക്കാര്യം അറിയാതെ വാഹനവുമായി ഇറങ്ങിയവര്‍ കണ്ണങ്കാട്ട് ജംഗ്ഷനിലെത്തിയപ്പോഴാണ് പാലം അടച്ചിരിക്കുന്ന വിവരം അറിയുന്നത്. അപ്രതീക്ഷതമായ ഗതാഗത നിയന്ത്രണത്തില്‍ നൂറു കണക്കിന് വാഹനയാത്രക്കാരാണ് നട്ടം തിരിഞ്ഞത്.
അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നതുവരെ പാലത്തിലേക്ക് വാഹനങ്ങളൊന്നും കടത്തി വിടില്ലെന്നാണ് അധികൃതരുടെ അറിയിപ്പ്. രാത്രിയോടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഇന്നുരാവിലെ മുതല്‍ പാലം തുറന്നുകൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പണി പൂര്‍ത്തീകരിക്കാനായില്ലെങ്കിലും ഇന്നും ദുരിത യാത്രയാകും ജനത്തിന്.