പുളിന്താനം സെന്റ് ജോണ്‍സ് ബസ്ഫാഗെ പള്ളിയില്‍ കോടതി വിധി നടപ്പാക്കാതെ പോലീസ് പിന്മാറി
1438445
Tuesday, July 23, 2024 7:01 AM IST
പോത്താനിക്കാട്: യാക്കോബായ വിശ്വാസികളുടെ ശക്തമായ പ്രതിരോധത്തെതുടര്‍ന്ന് പുളിന്താനം സെന്റ് ജോണ്‍സ് ബസ്ഫാഗെ പള്ളിയില്‍ കോടതി വിധി നടപ്പിലാക്കാതെ പോലീസ് പിന്മാറി. തങ്ങള്‍ക്കനുകൂലമായി ലഭിച്ച കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയിരുന്ന കോടതിയലക്ഷ്യ ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ഈ മാസം എട്ടിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കോടതി വിധി നടപ്പിലാക്കാത്തതിനാല്‍ പോലീസിനെയും സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്ശിച്ചതിനെതുടര്ന്നാണ് പോലീസ് സംഘം പള്ളി ഏറ്റെടുക്കാനുള്ള നീക്കവുമായി ഞായറാഴ്ച വൈകിട്ട് അഞ്ചോടെ പള്ളിയിലെത്തിയത്. ഇന്നലെ രാവിലെ കൂടുതല്‍ പോലീസും റവന്യു അധികൃതരും പള്ളിയിലെത്തി ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. എന്നാൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ ഗേറ്റ് പൂട്ടി അകത്തുനിന്ന് പോലീസിനെ പ്രതിരോധിച്ചു.
വിധി നടപ്പിലാക്കാന്‍ സഹകരിക്കണമെന്ന പോലീസിന്റെ ആവശ്യം വിശ്വാസികള്‍ നിരസിച്ചതോടെ ഫയർഫോഴ്സിന്റെ സഹായത്തോടെ ഇരുമ്പ് ഗേറ്റ് കട്ട് ചെയ്ത് മാറ്റാനുള്ള പോലീസ് നീക്കം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സ്ത്രീകളും കുട്ടികളും ഗേറ്റില്‍ കൈകോര്‍ത്ത് പിടിച്ച് പോലീസിന്റെ ഈ നീക്കത്തെ പ്രതിരോധിച്ചു. ഇതിനിടെ രണ്ട് സ്ത്രീകള്‍ കുഴഞ്ഞു വീഴുകയും ഒരു സ്ത്രീയുടെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ സ്ത്രീകളും കുട്ടികളും കൂട്ടക്കരച്ചില്‍ ആരംഭിച്ചു. ഇതോടെ പോലീസ് പിന്‍വാങ്ങുകയായിരുന്നു. കുഴഞ്ഞുവീണ ഏളേക്കാട്ട് ഗ്രേസി തങ്കച്ചന്, കൊടക്കപ്പറമ്പില്‍ കുഞ്ഞുമോള്‍ ബാബു, കൈയ്ക്ക് പരിക്കേറ്റ അള്ളുങ്കല്‍ ലിസി വര്‍ഗീസ് എന്നിവരെ ആംബുലന്‍സുകളില്‍ കോതമംഗലം മാര്‍ ബേസില്‍ ആശുപത്രിയിലേക്ക് മാറ്റി.
മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം.ബൈജു, തഹസില്‍ദാര്‍ കെ.എം ജോസുകുട്ടി എന്നിവരുടെ നേതൃത്തില്‍ 150 ലേറെ പോലീസുകാർ പള്ളിയിലെത്തിയിരുന്നു. കോടതിയലക്ഷ്യ ഹര്‍ജി 25 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതേസമയം വിധിക്കെതിരെ യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ 29 ന് പരിഗണിക്കും. ഇന്നലെ കേസ് കോടതി പരിഗണനയ്ക്ക് എടുത്തെങ്കിലും 29 ലേക്ക് മാറ്റുകയാണുണ്ടായത്.