എടത്തല പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റാൻ സിപിഎം തീരുമാനം
1437719
Sunday, July 21, 2024 4:26 AM IST
ആലുവ: എടത്തല പഞ്ചായത്തിലെ പ്രസിഡന്റിനെ മാറ്റാൻ ആലുവ സിപിഎം ഏരിയ കമ്മിറ്റി തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നാളെ രാവിലെ 11ന് എൽഡിഎഫ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗത്തിൽ പുതിയ പ്രസിഡന്റിനെ ഔദ്യോഗികമായി നിശ്ചയിക്കും. തുടർന്ന് പ്രീജ കുഞ്ഞുമോൻ രാജിവയ്ക്കും.
ജനറൽ വാർഡിൽനിന്നും മത്സരിച്ച് ജയിച്ച സി.കെ. ലിജിയെ പ്രസിഡന്റാക്കാനാണ് പാർട്ടി തീരുമാനം. അധികാര മാറ്റത്തിന് ധാരണ ഉണ്ടായിരുന്നതായി എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി അവകാശവാദം ഉന്നയിച്ചതാണ് അപ്രതീക്ഷിത നീക്കത്തിൽ കലാശിച്ചത്. അതേസമയം ഉപാധ്യക്ഷ സ്ഥാനത്തും മാറ്റം വരുത്താൻ രണ്ടംഗങ്ങളുള്ള എൻസിപിയിൽ ചർച്ച നടന്നിട്ടുണ്ട്.
വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ഖാദറിനെ മാറ്റി അഫ്സൽ കുഞ്ഞുമോനെയാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ വൈസ് പ്രസിഡന്റ് വഴങ്ങുന്നില്ലെന്നാണ് സൂചന. 21 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്.