നാലമ്പല ദർശനം: പിറവത്തുനിന്നു കെഎസ്ആർടിസി സർവീസ് ആരംഭിച്ചു
1437699
Sunday, July 21, 2024 4:08 AM IST
പിറവം: പിറവം നിയോജകമണ്ഡലത്തില്‍ നാലമ്പല തീര്‍ഥാടനത്തിനായി ആരംഭിച്ച കെഎസ്ആര്‍ടിസി ബസ് സര്‍വീസിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു. ഗതാഗത മന്ത്രിക്ക് അനൂപ് ജേക്കബ് എംഎല്‍എ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസ് ആരംഭിച്ചത്.
പിറവം ഡിപ്പോയില്‍നിന്ന് രാവിലെ ഏഴിന് തുടങ്ങുന്ന സര്‍വീസ് നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി ഭക്തരെ തിരികെ സ്റ്റാന്‍ഡില്‍ എത്തിക്കും. മാമ്മലശേരി ശ്രീരാമ സ്വാമി ക്ഷേത്രം, മേമ്മുറി ഭരത സ്വാമി ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്പല ക്ഷേത്രങ്ങള്‍. പരമ്പരാഗത ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നതിനായി വിശ്വാസികള്‍ക്ക് നാലമ്പല ദര്‍ശനം ഇതിലൂടെ സുഗമമാകുമെന്ന് എംഎല്‍എ പറഞ്ഞു.
അവധി ദിവസങ്ങളും ഞായറാഴ്ചകളിലും മാത്രമാണ് സര്‍വീസ് ഇപ്പോഴുള്ളത്. മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് മേരി എല്‍ദോ, ഷൈജു ജോര്‍ജ്, ആലീസ് ജോര്‍ജ്, ജിജോ ഏലിയാസ്, സജീവന്, മേല സന്തോഷ്, വിത്സണ് കെ. ജോണ്‍, എം.എ. ജേക്കബ്, കെ.എന്‍. രവി, പി.പി. സുരേഷ് കുമാര്‍, ജയപ്രകാശ് നമ്പൂതിരി, എന്‍.ആര്. കൃഷണകുമാര്‍, ഷിബു എന്നിവർ പ്രസംഗിച്ചു.