പിടിയും പോത്തുകറിയും: ജിൽസ് പെരിയപ്പുറത്തിന് തെര. കമ്മീഷന്റെ നോട്ടീസ്
1437467
Saturday, July 20, 2024 3:28 AM IST
പിറവം: കോട്ടയം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടനെ പരാജയപ്പെടുത്തുന്നതിനായി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നുള്ള പരാതിയിൽ കേരള കോൺഗ്രസ് -എം പിറവം നഗരസഭ കൗൺസിലർ ജിൽസ് പെരിയപ്പുറത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഇതു സംബന്ധിച്ച് കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫാണ് പരാതി നൽകിയിരിക്കുന്നത്.
തോമസ് ചാഴികാടനെ പരാജയപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ചാഴികാടന്റെ പരാജയം മുൻകൂട്ടി പ്രഖ്യാപിച്ച് പിറവം ടൗണിൽ പിടിയും പോത്തിറച്ചിയും വിളമ്പിയതുമെല്ലാം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായ ജിൽസ് പെരിയപ്പുറം കേരള കോൺഗ്രസ്-എം പ്രതിനിധിയായാണ് വിജയിച്ചത്. ഇതിനു ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ പാർട്ടിയുമായി അഭിപ്രായവിത്യാസത്തിലായതോടെ യുഡിഎഫിനൊപ്പമാണ് പ്രവർത്തിച്ചുവന്നിരുന്നത്. ഇതുവരെ ജിൽസ് പാർട്ടി അംഗത്വം രാജിവയ്ക്കുകയോ, കേരള കോൺഗ്രസ്-എം ജിൽസിനെ പുറത്തക്കാക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി ജിൽസ് പരസ്യമായി ഇറങ്ങിയിരുന്നു. ഇതിനുശേഷം തോമസ് ചാഴികാടനെതിരെ രംഗത്തെത്തുകയും, യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണത്തിന് മുൻനിരയിൽ നിൽക്കുകയും ചെയ്തു.
അതേസമയം കേരള കോൺഗ്രസ് -എം അംഗമായ താൻ, പാർട്ടി നിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അടുത്തയിടെ നടന്ന പിറവം നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് അനുസരിച്ച് എൽഡിഎഫിനു വേണ്ടിയാണ് വോട്ട് ചെയ്തെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണന്നും ജിൽസ് പെരിയപ്പുറം പറഞ്ഞു.