ആസ്റ്റര്‍ മെഡ്സിറ്റിയില്‍ കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
1437196
Friday, July 19, 2024 3:40 AM IST
കൊച്ചി: അപകടങ്ങളിലും മറ്റും കൈകള്‍ നഷ്ടമായവര്‍ക്ക് ആശ്വാസമേകുന്ന പുതിയ സേവനം ആസ്റ്റര്‍ മെഡ്സിറ്റിയിൽ തുടങ്ങി. ലോക പ്ലാസ്റ്റിക് സര്‍ജറി ദിനത്തോടനുബന്ധിച്ചാണ് കൈകള്‍ മാറ്റിവയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടത്. അപകടങ്ങളില്‍ കൈകള്‍ നഷ്ടമാകുന്നവര്‍ക്ക് മാത്രമല്ല, അസുഖങ്ങളോ വൈകല്യങ്ങളോ കാരണം കൈകളുടെ ശേഷി നഷ്ടമാകുന്നവര്‍ക്കും പുതിയ സേവനം ഉപകാരപ്രദമാകും.
സ്പര്‍ശം -പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ജീവിതങ്ങളെ തൊടുന്നു എന്ന പേരില്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരായി സുഖംപ്രാപിച്ച ആളുകളെ പങ്കെടുപ്പിച്ച് നടന്ന പരിപാടി സിനിമാതാരം കലേഷ് രാമാനന്ദ് ഉദ്ഘാടനം ചെയ്തു.
റോഡപകടങ്ങളെയും തീപിടിത്തത്തെയും അതിജീവിച്ചവരായിരുന്നു പങ്കെടുത്തവരില്‍ ഏറെയും. ചടങ്ങില്‍ ഗായകനും ഗിന്നസ് ലോക റിക്കാര്‍ഡ് ജേതാവുമായ കൊച്ചിന് മന്‍സൂര്‍, രോഗികളുടെ അനുഭവം വര്‍ണിക്കുന്ന ഒരു ഗാനവും ആലപിച്ചു.
ആസ്റ്റര്‍ മെഡ്സിറ്റിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പോള്‍ ജോര്‍ജ്, പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ടീവ്, ആന്‍ഡ് എസ്തെറ്റിക് സര്‍ജറി കണ്‍സല്‍ട്ടന്റ് ഡോ. ആശിഷ് എസ്. ചൗധരി, ഓര്‍ത്തോപീഡിക് സര്‍ജറി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. വിജയമോഹന് എസ് എന്നിവര്‍ പ്രസംഗിച്ചു.