48 ലക്ഷത്തിന്റെ സ്വർണം പിടികൂടി
1437024
Thursday, July 18, 2024 6:45 AM IST
നെടുമ്പാശേരി: അനധികൃതമായി കടത്താൻ ശ്രമിച്ച 48 ലക്ഷം രൂപയോളം വില വരുന്ന സ്വർണവുമായി രണ്ടു യാത്രക്കാർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായി.
എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റെനിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫ് 349.89 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്.
മൂന്ന് സ്വർണ മാലകൾ അരയിലും ധരിച്ചിരുന്ന ഷൂസിനകത്തുമാണ് ഇയാൾ ഒളിപ്പിച്ചിരുന്നത്. എയർ അറേബ്യ വിമാനത്തിൽ അബുദാബിയിൽ നിന്നും എത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്നും 278 ഗ്രാം സ്വർണ മിശ്രിതവും 50 ഗ്രാം വെള്ളി പൂശിയ സ്വർണവുമാണ് പിടികൂടിയത്. ധരിച്ചിരുന്ന ജീൻസിനകത്ത് പ്രത്യേക അറയുണ്ടാക്കിയാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്.