കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ മീഡിയനില്‍ ഇടിച്ച് തടിലോറി മറിഞ്ഞു
1435652
Saturday, July 13, 2024 4:02 AM IST
കോതമംഗലം: തടികയറ്റി വന്ന ലോറി കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ റോഡിലെ മീഡിയനില്‍ ഇടിച്ച് മറിഞ്ഞു. ലോറി അപകടത്തില്‍പ്പെട്ട ഭാഗത്തുകൂടിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം.
മൂന്നാര്‍ വട്ടവടയില്‍നിന്ന് യൂക്കാലിതടി ലോഡുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ബസ് സ്റ്റാൻഡിന് സമീപത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ലോറി മറിയുകയായിരുന്നു. വട്ടവട സ്വദേശിയായ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിലെ മീഡിയനില്‍ ടയര്‍ തട്ടിയതാണ് അപകടത്തിന് കാരണമായത്.
പുലര്‍ച്ചെയായതിനാലാണ് ദുരന്തം ഒഴിവായത്. നേരം പുലര്‍ന്നാല്‍ ഇവിടെ ആള്‍സഞ്ചാരമുള്ള ഭാഗമാണ്. ലോറി മറിയുമ്പോള്‍ ആളുകളോ, വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഉച്ചയോടെ ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്ത്തിമാറ്റുന്നതുവരെ വാഹന ഗതാഗതം തടസപ്പെട്ടിരുന്നു. പോലീസ് ഗതാഗതം നിയന്ത്രിക്കാനും മറ്റുമായി സ്ഥലത്ത് ഉണ്ടായിരുന്നു.
ഈ ഭാഗത്തെ മീഡിയന് സ്ഥിരം അപകടത്തിന് കാരണാകുന്നതായി പരാതിയുണ്ട്. അശാസ്ത്രീയമായാണ് മീഡിയന് നിര്‍മാണമെന്നാണ് ആക്ഷേപം. റിഫ്ളക്ടര് ഇല്ലാത്തതും വെളിച്ചകുറവും വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന് മുമ്പും മീഡിയനില്‍ വാഹനങ്ങള്‍ ഇടിച്ചുകയറി അപകടങ്ങളുണ്ടായിട്ടുണ്ട്.
പ്രശ്നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരം കാണാന്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.