ജില്ലയില്‍ പനി ബാധിതരുടെ എണ്ണം ഉയരുന്നു
1435628
Saturday, July 13, 2024 3:28 AM IST
നാലു ദിവസത്തിനിടെ 169 പേര്‍ക്ക് ഡെങ്കിപ്പനി
കൊച്ചി: പനിയില്‍ വിറച്ച് ജില്ല. നാലു ദിവസത്തിനിടെ വിവിധ ആശുപത്രികളിലായി 4187 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇതില്‍ 169 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 159 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ സംശയിക്കുന്നുണ്ട്.
ജില്ലയില്‍ ഡെങ്കിപ്പനി ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കി. എട്ടു പേര്‍ക്ക് മഞ്ഞപ്പിത്തവും, 37 പേര്‍ക്ക് ചിക്കന്‍ പോക്സും, ആറു പേര്‍ക്ക് എലിപ്പനി, ഒരാള്‍ക്ക് എച്ച്1 എന്‍1 രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.
തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം 1000 കവിഞ്ഞിരുന്നു. ജില്ലയില്‍ കളമശേരി മേഖലയിലാണ് ഡെങ്കിപ്പനി ബാധിതര്‍ അധികവും. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ല പിന്നിലാണെന്ന ആരോപണവുമുണ്ട്. ഡെങ്കിപ്പനി സ്ഥിരീകരിക്കുന്ന മേഖലകളില്‍ കൃത്യമായി ഫോഗിംഗ് നടക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
വീണ്ടുംവന്നാല്‍ അപകടം
ഒരു തവണ രോഗം വന്നവര്‍ക്ക് എല്ലാക്കാലത്തേക്കും പ്രതിരോധ ശേഷിയുണ്ടാവുമെന്ന് തെറ്റിദ്ധരിക്കരുത്. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ഈ പ്രതിരോധശേഷി കുറയും. അഞ്ചുതരം വൈറസുകള്‍ ഡെങ്കിപരത്തുന്നുണ്ട്. ഇതില്‍ രണ്ടാമത്തെ തവണ പകരുന്നത് മറ്റൊരു വൈറസാണെങ്കില്‍ അത് കൂടുതല്‍ അപകടകരമാവാനും മരണം സംഭവിക്കാനും ഇടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
തുരത്താം, കൊതുകിനെ
കൊതുക് വളരാതിരിക്കാന്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക, ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായ പറമ്പില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക,
ജലസംഭരണികള്‍ കൊതുക് കടക്കാത്ത രീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച് പൂര്‍ണമായി മൂടിവയ്ക്കുക, കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക, ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.