മരണക്കെണിയായി പത്താംമൈലിലെ അപകട വളവും മീഡിയനും
1431280
Monday, June 24, 2024 5:32 AM IST
ഉദയംപേരൂർ: മരണക്കെണിയായി പത്താംമൈലിലെ അപകടവളവും മീഡിയനും. ഗതാഗത തിരക്കേറിയ വൈക്കം - തൃപ്പൂണിത്തുറ റോഡിലെ ഏറ്റവും അപകടമേറിയ സ്ഥലമായി മാറി ഉദയംപേരൂരിലെ പത്താംമൈൽ. വീതി കുറഞ്ഞ റോഡിൽ വാഹന യാത്രക്കാർക്ക് അപകടക്കുരുക്ക് സൃഷ്ടിക്കുകയാണ് റോഡിലെ മീഡിയൻ.
കൊടുംവളവും വീതികുറവും കാരണം വാഹനങ്ങൾ എതിർവശത്തെ റോഡിലേക്ക് കടക്കാതിരിക്കാനായി സുരക്ഷ മുൻനിർത്തി നിർമിച്ച മീഡിയനാണ് ഇപ്പോൾ ഏറ്റവുമധികം അപകടങ്ങൾ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചത് കൂടാതെ പലപ്പോഴായി പത്തോളം അപകട മരണങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്ന് പറയുന്നു.
മീഡിയനിൽ വാഹനങ്ങൾ ഇടിച്ചു കയറി ചെറുതും വലുതുമായുണ്ടാകുന്ന അപകടങ്ങൾ ഒട്ടേറെയാണ്. റോഡിൽ നിന്നും അധികം ഉയരത്തിലല്ലാതെയുള്ള മീഡിയന് ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കത്തക്കവിധം നിറം പോലുമില്ല.
വാഹനങ്ങൾ മീഡിയനോട് വളരെ അടുത്തെത്തുമ്പോഴാണ് തിരിച്ചറിയുന്നത്. രാത്രികാലങ്ങളിലാണ് സ്ഥിതി അതീവ ഗുരുതരമാകുന്നത്. റോഡിന് നടുവിൽ നെടുനീളത്തിലുള്ള മീഡിയൻ ആരുടെയും കണ്ണിൽപ്പെടില്ല.